ദുബായിൽ ഇന്ത്യൻ യുദ്ധവിമാനം തേജസ് തകർന്നുവീണുണ്ടായ അപകടത്തിൽ പൈലറ്റിന് വീരമൃത്യു. വ്യോമസേന പൈലറ്റിന്റെ മരണം സ്ഥിരീകരിച്ചു. പൈലറ്റിന്റെ വിവരങ്ങൾ ലഭ്യമായിട്ടില്ല. സംഭവത്തിൽ വ്യോമ സേന ആഭ്യന്തര അന്വേഷണം പ്രഖ്യാപിച്ചു. എയർഷോക്കിടെ ആണ് അപകടം. അൽ മക്തൂം വിമാനത്താവളത്തിനടുത്ത് ദുബായ് സമയം 2:10നാണ് അപകടമുണ്ടായത്. അപകടത്തിന് കാരണം വ്യക്തമായിട്ടില്ല. അപകടത്തിന് പിന്നാലെ എയർഷോ നിർത്തിവെച്ചു.ഏരിയൽ ഷോ നടക്കുന്നതിനിടെയാണ് അപകടം നടന്നത്. ഏരിയൽ ഷോയ്ക്കിടെ വിമാനം പറക്കുന്നതിനിടെ തന്നെ പുക ഉയരുകയും നിലംപതിക്കുകയുമായിരുന്നു. പൈലറ്റിന് ഇജക്ട് ചെയയ്യാൻ കഴിഞ്ഞിരുന്നില്ല. ദുബായ് എയർ ഷോ നവംബർ 17 ന് ആരംഭിച്ചത്. എയർഷോ ഇന്ന് അവസാനിക്കേണ്ടതായിരുന്നു. എച്ച്എഎൽ പ്രാദേശികമായി നിർമിച്ച യുദ്ധവിമാനമാണ് തേജസ്.തേജസ് യുദ്ധവിമാനം അപകടത്തിൽപെടുന്നത് ഇത് രണ്ടാം തവണയാണ്. 2024 മാർച്ച് 12 ന് രാജസ്ഥാനിലെ ജയ്‌സാൽമീറിന് സമീപം തേജസ് യുദ്ധവിമാനം തകർന്നുവീണിരുന്നു. ആ സംഭവത്തിൽ പൈലറ്റ് സുരക്ഷിതമായി ഇജക്ട് ചെയ്യപ്പെട്ടിരുന്നു. 2016 ജൂലൈയിലാണ് ഇന്ത്യൻ വ്യോമസേന ആദ്യത്തെ തേജസ് വിമാനം സേനയിൽ ഉൾപ്പെടുത്തിയത്. നിലവിൽ രണ്ട് Mk-1 സ്ക്വാഡ്രണുകൾ (ഓരോന്നിലും 16 മുതൽ 18 വരെ വിമാനങ്ങൾ ഉൾപ്പെടുന്നു) പ്രവർത്തിക്കുന്നു.









