കുറാസോ: ഫിഫ ലോകകപ്പിന് യോഗ്യത നേടുന്ന ചെറിയ രാജ്യമായി കുറാസോ. കോണ്‍കാകാഫ് യോഗ്യതാ റൗണ്ടില്‍ ജമൈക്കയ്‌ക്കെതിരേ ഗോള്‍രഹിത സമനില പാലിച്ചതോടെയാണ് കുറാസോ സ്ഥാനമുറപ്പിച്ചത്. യോഗ്യതാ റൗണ്ടില്‍ പരാജയമറിയാതെ 12 പോയിന്റുമായി ഗ്രൂപ്പ് ബി-യില്‍ ഒന്നാമതെത്തുകയായിരുന്നു. യുഎസ്എ, മെക്‌സിക്കോ, കാനഡ എന്നീ രാജ്യങ്ങള്‍ ഉള്‍പ്പെടുന്ന മേഖലയില്‍ അവസാന യോഗ്യതാ റൗണ്ടില്‍ പനാമയും ഹെയ്തിയും യോഗ്യത ഉറപ്പിച്ചിട്ടുണ്ട്.കരീബിയന്‍ മേഖലയില്‍ സ്ഥിതിചെയ്യുന്ന ചെറിയ ദ്വീപ് രാഷ്ട്രമാണ് കുറാസോ. 156,115 ജനസംഖ്യയുള്ള രാജ്യത്തിന് 444 ചതുരശ്ര കിലോമീറ്റര്‍ മാത്രമാണ് വിസ്തീര്‍ണം. മൂന്നരലക്ഷത്തിലധികം ജനസംഖ്യയുള്ള, 2018-ല്‍ യോഗ്യത നേടിയ ഐസ്‌ലന്‍ഡിന്റെ റെക്കോഡാണ് കുറാസോ മറികടന്നത്. മുന്‍പ് നെതര്‍ലന്‍ഡ്‌സ്, ദക്ഷിണ കൊറിയ, ബെല്‍ജിയം, റഷ്യ ടീമുകളെ പരിശീലിപ്പിച്ച ഡിക്ക് അഡ്വൊക്കാറ്റ് ആണ് കുറാസോയുടെ പരിശീലകന്‍.ഡിസംബര്‍ അഞ്ചിന് വാഷിങ്ടണ്‍ ഡിസിയിലെ കെന്നഡി സെന്ററില്‍ നടക്കുന്ന നറുക്കെടുപ്പില്‍ കുറാസോയുടെ എതിരാളികളെ അറിയാം.











