ചെന്നൈ: പ്രണയാഭ്യർത്ഥന നിരസിച്ചതിനെ തുടർന്ന് തമിഴ്നാട്ടിലെ രാമേശ്വരത്ത് പന്ത്രണ്ടാം ക്ലാസ് വിദ്യാർത്ഥിനിയെ യുവാവ് കുത്തിക്കൊന്നു. ചേരൻകോട്ട സ്വദേശിനിയായ ശാലിനി ആണ് ദാരുണമായി കൊല്ലപ്പെട്ടത്.ഇന്ന് രാവിലെ സ്കൂളിലേക്ക് വരുന്ന വഴിയാണ് സംഭവം. വിദ്യാർത്ഥിനിയെ തടഞ്ഞു നിർത്തി കഴുത്തിന് കുത്തിയാണ് കൊലപ്പെടുത്തിയത്. സംഭവത്തിൽ നാട്ടുകാരനായ മുനിരാജൻ അറസ്റ്റിലായി.കഴിഞ്ഞ കുറച്ച് നാളുകളായി മുനിരാജൻ പെൺകുട്ടിയുടെ പിന്നാലെ നടന്ന് പ്രണയാഭ്യർത്ഥന നടത്തുന്നുണ്ടായിരുന്നു. താൽപര്യമില്ലെന്ന് ശാലിനി പലതവണ യുവാവിനെ അറിയിച്ചെങ്കിലും ശല്യം തുടർന്നു. കഴിഞ്ഞ വാരാന്ത്യത്തിൽ വീണ്ടും ശല്യമുണ്ടായപ്പോൾ ശാലിനി വീട്ടിൽ വിവരം അറിയിച്ചു.ഇതിനെ തുടർന്ന് കഴിഞ്ഞ ദിവസം ശാലിനിയുടെ അച്ഛൻ മുനിരാജിന്റെ വീട്ടിലെത്തി താക്കീത് നൽകിയിരുന്നു. ഇതിലുള്ള ദേഷ്യവും പകയുമാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് പൊലീസ് വിശദീകരിച്ചു. താക്കീതിലുള്ള വൈരാഗ്യത്തിലാണ് ഇന്ന് രാവിലെ സ്കൂളിലേക്ക് പോകുംവഴി ശാലിനിയെ കുത്തിക്കൊലപ്പെടുത്തിയത്.











