വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയെ ഇന്ത്യ കൈമാറിയേക്കില്ല. കുറ്റവാളികളെ കൈമാറാനുള്ള ഉടമ്പടി രാഷ്ട്രീയ കാരണങ്ങളാലുള്ള കേസുകളിൽ ശിക്ഷിക്കപ്പെടുന്നവർക്ക് ബാധകമല്ലെന്നാണ് കേന്ദ്ര സർക്കാർ വൃത്തങ്ങൾ നൽകുന്ന സൂചന.
എന്നാൽ കോടതി വിധി തള്ളിയ ഷെയ്ഖ് ഹസീന ഇന്ത്യ വിടില്ലെന്ന് അറിയിച്ചു. തനിക്കെതിരായ നടപടികൾ പൂർണ്ണമായും നിയമവിരുദ്ധമാണെന്നും ഇടക്കാല പ്രധാനമന്ത്രി മുഹമ്മദ് യൂനുസും അദ്ദേഹത്തോടൊപ്പമുള്ളവരും ചേർന്ന് തന്നെ ശിക്ഷിക്കാൻ നടത്തിയ ഗൂഢാലോചന ആണിതെന്നും ഷെയ്ഖ് ഹസീന ആരോപിച്ചിരുന്നു.
2024ലെ വിദ്യാർത്ഥി പ്രക്ഷോഭം സംബന്ധിച്ച കുറ്റകൃത്യങ്ങൾക്കാണ് ബംഗ്ലാദേശ് ഇന്റർനാഷണൽ ക്രൈംസ് ട്രൈബ്യൂണൽ ഷെയ്ഖ് ഹസീനക്ക് വധശിക്ഷ വിധിച്ചത്. വിധിക്ക് പിന്നാലെ ഹസീനയെ വിട്ടുകിട്ടണം എന്ന് ബംഗ്ലാദേശ് സർക്കാർ ആവശ്യപ്പെട്ടിരുന്നു.
കൂട്ടക്കൊല, പീഡന തുടങ്ങിയ കുറ്റകൃത്യങ്ങളാണ് ഹസീനയ്ക്കെതിരെ ചുമത്തിയിട്ടുള്ളത്. ബംഗ്ലാദേശിൽ പ്രക്ഷോഭം ഉണ്ടായതിനെ തുടർന്ന് 2024 ഓഗസ്റ്റിലാണ് ഹസീന അധികാരം ഉപേക്ഷിച്ച് ഇന്ത്യയിലേക്ക് പലായനം ചെയ്തത്.
വധശിക്ഷ വരെ കിട്ടാൻ സാധ്യതയുള്ള വകുപ്പുകളാണ് ഹസീനയ്ക്ക് എതിരെ ചുമത്തിയിട്ടുള്ളത്. കഴിഞ്ഞ വർഷം ജൂലൈ 15 മുതൽ ഓഗസ്റ്റ് 15 വരെ നടന്ന വിദ്യാർത്ഥി പ്രക്ഷോഭം അടിച്ചമർത്തിയതുമായി ബന്ധപ്പെട്ടാണ് ഷെയ്ഖ് ഹസീനയ്ക്കെതിരെ കേസെടുത്തിട്ടുള്ളത്. ഷെയ്ഖ് ഹസീന ഉൾപ്പെടെയുള്ള മൂന്ന് പ്രതികളാണുള്ളത്. വിദ്യാർഥി പ്രക്ഷോഭത്തെ ക്രൂരമായി അടിച്ചമർത്തിയെന്നതാണ് ഹസീനയ്ക്കും മറ്റു 2 പേർക്കും എതിരായ കുറ്റം. ഷെയ്ഖ് ഹസീനയുടെ അഭാവത്തിലായിരുന്നു കേസുകളിൽ വിചാരണ നടന്നത്. രാജ്യത്തിന്റെ ചരിത്രത്തിലാദ്യമായി വിചാരണ ടിവിയിലൂടെ സംപ്രേഷണം ചെയ്യുകയും ചെയ്തിരുന്നു











