ശബരിമല സ്വര്‍ണ്ണക്കൊള്ളയില്‍ അറസ്റ്റിലായ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എ പത്മകുമാറിനായി പ്രത്യേക അന്വേഷണസംഘം ഉടന്‍ കസ്റ്റഡി അപേക്ഷ നല്‍കും. കസ്റ്റഡിയില്‍ വാങ്ങിയശേഷം തെളിവെടുപ്പ് ഉള്‍പ്പെടെയുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കും. പത്മകുമാറിന്റെ അറസ്റ്റോടെ സ്വര്‍ണക്കൊള്ള വിവാദം അവസാനിക്കുമോ എന്നുള്ളതാണ് ഏറ്റവും പ്രധാനം
പത്മകുമാറിനെ ചോദ്യം ചെയ്തതില്‍ നിന്ന് നിര്‍ണായക വിവരങ്ങള്‍ അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്.സാക്ഷിമൊഴികളും കൃത്യമായ തെളിവുകളും ശേഖരിച്ചശേഷമാണ് പത്മകുമാറിനെ എസ്‌ഐടി അറസ്റ്റ് ചെയ്തത്. താന്‍ ദൈവതുല്യം കാണുന്നവര്‍ സ്വര്‍ണ്ണക്കൊള്ളയ്ക്ക് പിന്നില്‍ ഉണ്ടെങ്കില്‍ എന്തുചെയ്യാനാകുമെന്ന് നേരത്തെ പത്മകുമാര്‍ പ്രതികരിച്ചിരുന്നു. ആ ദൈവതുല്യന്‍ ആര് എന്നുള്ളതാണ് ഇനി ഏറ്റവും പ്രധാന ചോദ്യമായി ഉയരുന്നത്. തദ്ദേശതിരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ പത്മകുമാറിന്റെ അറസ്റ്റ് സിപിഐഎമ്മിനുള്ളില്‍ പ്രതിരോധം സൃഷ്ടിച്ചിരിക്കുകയാണ്.
പത്മകുമാറിന്റെ അറസ്റ്റ് സിപിഐഎം ചര്‍ച്ച ചെയ്യും. അറസ്റ്റുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ഇന്ന് ചേരുന്ന സംസ്ഥാന സെക്രട്ടേറിയറ്റ് ചര്‍ച്ച ചെയ്യും. പത്മകുമാറിന്റെ അറസ്റ്റിനെ തുടര്‍ന്ന് സര്‍ക്കാരിനും പാര്‍ട്ടിക്കും ഉണ്ടായ പ്രതിസന്ധി യോഗം വിലയിരുത്തും. പത്മകുമാറിന്റെ അറസ്റ്റ് തദ്ദേശ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിയെ പ്രതിരോധത്തിലാക്കും എന്നാണ് ആശങ്ക. പ്രതിസന്ധി മറികടക്കാനുള്ള വഴികള്‍ സിപിഐഎം ചര്‍ച്ച ചെയ്യും. തദ്ദേശ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുടെ പുരോഗതിയും യോഗം ചര്‍ച്ച ചെയ്യും.
അതേസമയം, പത്മകുമാറിന്റെ വീടിന് പൊലീസ് കാവല്‍ തുടരുന്നു. വീട്ടിലേക്ക് പ്രതിഷേധ സാധ്യത കണക്കിലെടുത്താണ് പൊലീസ് സുരക്ഷ. രാഷ്ട്രീയ സംഘടനകള്‍ വീട്ടിലേക്ക് ഇതുവരെ പ്രതിഷേധ മാര്‍ച്ചുകള്‍ പ്രഖ്യാപിച്ചിട്ടില്ല. തിരഞ്ഞെടുപ്പ് പെരുമാറ്റം നിലനില്‍ക്കുന്നതാണ് രാഷ്ട്രീയ പാര്‍ട്ടികളെ പരസ്യ പ്രതിഷേധത്തില്‍ നിന്ന് പിന്നോട്ട് തിരിക്കുന്നത്. മാനദണ്ഡങ്ങള്‍ ബാധകമല്ലാത്ത ഹൈന്ദവ സംഘടകര്‍ ഉള്‍പ്പെടെ വീട്ടിലേക്ക് പ്രതിഷേധം നടത്താനുള്ള സാധ്യത പൊലീസ് തള്ളിക്കളയുന്നില്ല







