തദ്ദേശ തിരഞ്ഞെടുപ്പില്‍ ആര്‍എസ്എസ് മറ്റൊരു സ്ഥാനാര്‍ഥിയെ നിര്‍ത്തിയതില്‍ മനംനൊന്ത് തിരുവനന്തപുരത്ത് ബിജെപി സ്ഥാനാര്‍ഥി ആത്മഹത്യയ്ക്ക് ശ്രമിച്ചു. നെടുമങ്ങാട് സ്വദേശി ശാലിനിയാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. നെടുമങ്ങാട് മുന്‍സിപ്പാലിറ്റി പരിധിയില്‍ പനങ്ങോട്ടേല വാര്‍ഡിലാണ് ശാലിനിയെ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചിരുന്നത്. ശാലിനിക്കെതിരെ ആര്‍എസ്എസും ഇതേ വാര്‍ഡില്‍ സ്ഥാനാര്‍ഥിയെ നിര്‍ത്തി.പിന്നാലെയായിരുന്നു ആത്മഹത്യാശ്രമം. ശാലിനി നിലവില്‍ നെടുമങ്ങാട് ജില്ലാ ആശുപത്രിയില്‍ ചികിത്സയില്‍ തുടരുകയാണ്. ശാലിനി അപകട നില തരണം ചെയ്തതായാണ് റിപ്പോര്‍ട്ടുകള്‍.
തനിക്ക് പുറത്തിറങ്ങി നടക്കാന്‍ പറ്റാത്ത തരത്തില്‍ ആര്‍എസ്എസ് തനിക്കെതിരെ അപവാദപ്രചരണം നടത്തിയെന്ന് ശാലിനി ട്വന്റിഫോറിനോട് പറഞ്ഞു. തന്നോടും തന്റെ കുടുംബത്തോടുമുള്ള വ്യക്തി വൈരാഗ്യം തീര്‍ക്കാനാണ് സംഘത്തിലെ ചിലര്‍ ശ്രമിച്ചത്. തന്നെ സ്ഥാനാര്‍ഥിയാക്കരുതെന്ന് ചൂണ്ടിക്കാട്ടി തന്റെ പാര്‍ട്ടിക്കുമേല്‍ ആര്‍എസ്എസുകാര്‍ കടുത്ത സമ്മര്‍ദം ചെലുത്തി. തനിക്കെതിരെ മോശമായ അപവാദ പ്രചരണങ്ങള്‍ വ്യാപകമായ സാഹചര്യത്തിലാണ് താന്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്നും ചികിത്സയിലിരിക്കെ യുവതി മാധ്യമങ്ങളോട് പ്രതികരിച്ചു.
സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ തഴഞ്ഞതിന് തൃക്കണ്ണാപുരത്തെ സജീവ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ ആനന്ദ് ആത്മഹത്യ ചെയ്തതിന് പിന്നാലെ തിരുവനന്തപുരത്തുനിന്ന് തന്നെ ഉയര്‍ന്ന ഈ വാര്‍ത്ത പാര്‍ട്ടിയെ വല്ലാതെ പ്രതിരോധത്തിലാക്കുകയാണ്. ബിജെപി പ്രാദേശിക നേതൃത്വത്തിന് മണ്ണ് മാഫിയയുമായി ബന്ധമുണ്ടെന്ന് ഉള്‍പ്പെടെ ചൂണ്ടിക്കാട്ടിയായിരുന്നു ആനന്ദിന്റെ ആത്മഹത്യ. സംഭവങ്ങള്‍ വേദനിപ്പിക്കുന്നതാണെന്നും വിശദമായി പരിശോധിക്കുമെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.











