കൊച്ചി: ദേശീയപാതയിൽ മണ്ണുത്തി-ഇടപ്പള്ളി മേഖലയിൽ അടിപ്പാതകളുടെ നിർമാണം നടക്കുന്ന ഭാഗത്ത് അറ്റകുറ്റപ്പണികളും സുരക്ഷാക്രമീകരണങ്ങളും സമയബദ്ധമായി ഉറപ്പാക്കണമെന്ന് േദശീയപാത അതോറിറ്റിക്ക് ഹൈക്കോടതിയുടെ നിർദേശം. തൃശ്ശൂർ കളക്ടറുടെ നേതൃത്വത്തിലുള്ള ഇടക്കാല മേൽനോട്ടസമിതിയുടെ നിർദേശങ്ങൾ നടപ്പാക്കി രണ്ടാഴ്ചയ്ക്കകം സമിതിക്ക് റിപ്പോർട്ട് സമർപ്പിക്കണമെന്ന് ജസ്റ്റിസ് എ. മുഹമ്മദ് മുഷ്താഖ്, ജസ്റ്റിസ് ഹരിശങ്കർ വി. മേനോൻ എന്നിവരുൾപ്പെട്ട ഡിവിഷൻബെഞ്ച് നിർദേശിച്ചു.ഗതാഗതതടസ്സം തുടരുമ്പോഴും തൃശ്ശൂർ പാലിയേക്കരയിൽ ടോൾപിരിവ് തുടരുന്നതിനെതിരേയുള്ള ഹർജികളാണ് പരിഗണനയിലുള്ളത്. നേരത്തേ, കോടതി വിലക്കിയ ടോൾപിരിവ് ഒക്ടോബർ 17-നാണ് പുനഃസ്ഥാപിച്ചത്.പാതയിൽ ഗതാഗതക്കുരുക്ക് തുടരുകയാണെന്നാണ് ഓൺലൈനായി ഹാജരായ തൃശ്ശൂർ കളക്ടർ അറിയിച്ചു. സുരക്ഷാപ്രശ്നങ്ങളുമുണ്ട്. പാർശ്വഭിത്തികളും ബാരിക്കേഡുകളും ആവശ്യത്തിനില്ല. സർവീസ് റോഡുകളിൽനിന്ന് ദേശീയപാതയിലേക്ക് കയറുന്ന ഭാഗത്തെ റോഡ് തകർന്നതായും വിശദീകരിച്ചു.ടോൾപിരിവ് പുനഃസ്ഥാപിച്ച ഉത്തരവ് ഭേദഗതിചെയ്യണമെന്നാവശ്യപ്പെട്ട് ഷാജി കോടകണ്ടത്ത് ഉപഹർജി നൽകി. വിഷയം ഡിസംബർ മൂന്നിന് വീണ്ടും പരിഗണിക്കും.










