ആലപ്പുഴ: ചെങ്ങന്നൂര്‍ സ്വദേശികളായ നഴ്‌സ് – ഐടി പ്രൊഫഷണല്‍ ദമ്പതിമാരുടെ കൈയില്‍നിന്ന് ഓണ്‍ലൈന്‍ ഷെയര്‍ ട്രേഡിങ്ങിന്റെ പേരില്‍ സാമൂഹികമാധ്യമത്തിലൂടെ 70,75,435 രൂപ തട്ടിയ കേസിലെ ഒരാള്‍കൂടി അറസ്റ്റിലായി. തമിഴ്‌നാട്, വില്ലുപുരം സ്വദേശിയായ അജിത്കുമാറി(24)നെയാണ് ആലപ്പുഴ സൈബര്‍ ക്രൈം പോലീസ് അറസ്റ്റുചെയ്തത്. സ്വകാര്യ ഷെയര്‍ ട്രേഡിങ് ഗ്രൂപ്പിന്റെ പ്രതിനിധിയാണെന്നുപറഞ്ഞ് ആള്‍മാറാട്ടം നടത്തി പരാതിക്കാരനെ വാട്‌സാപ്പ് വഴി ബന്ധപ്പെട്ടാണ് പ്രതികള്‍ തട്ടിപ്പുനടത്തിയത്.പരാതിക്കാരനെ വ്യാജ ഷെയര്‍ ട്രേഡിങ് കമ്പനിയുടെ വാട്‌സാപ്പ് ഗ്രൂപ്പില്‍ ചേര്‍ക്കുകയും തുടര്‍ന്ന് പ്രതികളുടെ നിര്‍ദേശപ്രകാരം പരാതിക്കാരനെക്കൊണ്ട് വ്യാജ വെബ്സൈറ്റില്‍ അക്കൗണ്ട് ക്രിയേറ്റ് ചെയ്യിപ്പിക്കുകയും അതില്‍ക്കാണിച്ച ബാങ്ക് അക്കൗണ്ടുകളിലേക്ക് പണമയച്ചു വാങ്ങുകയുംചെയ്തു. ഇതില്‍നിന്നുള്ള ലാഭമായി ആറുകോടിയോളം രൂപ വ്യാജ വെബ്‌സൈറ്റിലെ പരാതിക്കാരന്റെ പ്രൊഫൈലില്‍ കൃത്രിമമായി കാണിച്ചു വിശ്വസിപ്പിച്ചാണ് തട്ടിപ്പുനടത്തിയത്. പരാതിക്കാരന്‍ ലാഭം പിന്‍വലിക്കാന്‍ ശ്രമിച്ചപ്പോള്‍ വീണ്ടും ഒരു ട്രേഡ് കൂടി ചെയ്യണമെന്ന് തട്ടിപ്പുകാര്‍ ആവശ്യപ്പെട്ടതോടെയാണ് ഇതു തട്ടിപ്പാണെന്നു മനസ്സിലായത്. തുടര്‍ന്ന് നാഷണല്‍ സൈബര്‍ ക്രൈം റിപ്പോര്‍ട്ടിങ് പോര്‍ട്ടലില്‍ പരാതി രജിസ്റ്റര്‍ ചെയ്യുകയും ആലപ്പുഴ സൈബര്‍ ക്രൈം പോലീസ് കേസ് രജിസ്റ്റര്‍ചെയ്ത് അന്വേഷണം നടത്തിവരുകയുമായിരുന്നു.ആലപ്പുഴ ഡിസിആര്‍ബി ഡിവൈഎസ്പി എം.എസ്. സന്തോഷിന്റെ മേല്‍നോട്ടത്തില്‍ സൈബര്‍ ക്രൈം പോലീസ് സ്റ്റേഷന്‍ ഇന്‍സ്പെക്ടര്‍ ഏലിയാസ് പി. ജോര്‍ജിന്റെ നേതൃത്വത്തില്‍ എഎസ്‌ഐ എം. അജയകുമാര്‍, സിപിഒമാരായ എസ്.ആര്‍. ഗിരീഷ്, ആര്‍. അഖില്‍ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.ഈ കേസിലേക്ക് പുന്നപ്ര സ്വദേശിയായ പ്രവീണ്‍ദാസ് എന്നയാളെയും തമിഴ്‌നാട് കോയമ്പത്തൂര്‍ സ്വദേശിയെയും ആലപ്പുഴ സൈബര്‍ ക്രൈം പോലീസ് നേരത്തേ അറസ്റ്റുചെയ്തിരുന്നു.








