തിരുവനന്തപുരം: ഇതരസംസ്ഥാനങ്ങളില്‍നിന്നുള്ള പഴയ ബസുകള്‍ കേരളത്തില്‍ക്കൊണ്ടുവന്ന് ഓടിക്കുന്നതിന് വിലക്കേര്‍പ്പെടുത്താന്‍ സര്‍ക്കാര്‍. പുത്തന്‍ മലിനീകരണനിയന്ത്രണവ്യവസ്ഥയായ ഭാരത് സ്റ്റേജ് 6 (ബിഎസ്) പാലിക്കുന്നവയ്ക്ക് മാത്രമായി പെര്‍മിറ്റ് നിജപ്പെടുത്തും.ഇതരസംസ്ഥാനങ്ങളില്‍ ഉപയോഗിച്ച ബസുകള്‍ രൂപമാറ്റംവരുത്തി സംസ്ഥാനത്ത് രജിസ്‌ട്രേഷന്‍ നേടുന്നത് വ്യാപകമായ പശ്ചാത്തലത്തിലാണ് നിയന്ത്രണം. രാജസ്ഥാന്‍, പഞ്ചാബ് എന്നിവിടങ്ങളില്‍ കാലപ്പഴക്കംകാരണം റോഡില്‍നിന്ന് പിന്‍വലിക്കുന്ന ബസുകള്‍ കേരളത്തിലെത്തിച്ച് പുതുക്കിപ്പണിത് റൂട്ടുപെര്‍മിറ്റ് നേടുന്നത് വ്യാപകമാണ്.രാജസ്ഥാനില്‍ ഏഴും സംസ്ഥാനത്ത് 22 വര്‍ഷവുമാണ് ബസ് ഉപയോഗിക്കുന്നതിനുള്ള പരമാവധി കാലാവധി. ഇവയില്‍ ഭൂരിഭാഗവും പഴയ മലിനീകരണനിയന്ത്രണ വ്യവസ്ഥയായ ബിഎസ് മൂന്ന് നിലവാരത്തിലുള്ളവയാണ്. മലിനീകരണത്തോത് കുറയ്ക്കാന്‍ പുതിയ ബസുകള്‍ക്കുമാത്രമായി പുത്തന്‍ പെര്‍മിറ്റുകള്‍ നിജപ്പെടുത്തിയെങ്കിലും പഴയ ബസുകള്‍ റീ രജിസ്‌ട്രേഷനിലുടെ എത്തുന്നത് തിരിച്ചടിയായി.രാജസ്ഥാനില്‍ ഉപയോഗത്തിലുള്ള നീളംകൂടിയ ബസുകളുടെ ഷാസി മുറിച്ചുമാറ്റിയാണ് സംസ്ഥാനത്ത് ഉപയോഗിക്കാന്‍ പാകത്തിലാക്കിയിരുന്നത്. ബോഡി പുതുക്കിപ്പണിയാന്‍ അനുവാദമുണ്ടെങ്കിലും ഷാസിയില്‍ മാറ്റംവരുത്താന്‍ അനുമതിയില്ല. ബസിന്റെ ഭാരസന്തുലനം നഷ്ടമാകാന്‍ ഇത് കാരണമാകും.ഇങ്ങനെ നിയമവിരുദ്ധമായി മാറ്റംവരുത്തിയ ബസുകള്‍ക്ക് രജിസ്‌ട്രേഷന്‍ നേടിയെടുക്കുന്ന സംഘം വടക്കന്‍ ജില്ലകളിലുണ്ട്. ഇവരുടെ ബസുകള്‍ക്ക് രജിസ്‌ട്രേഷനും പെര്‍മിറ്റും അനുവദിക്കാന്‍ ചില മോട്ടോര്‍വാഹനകുപ്പ് ഉദ്യോഗസ്ഥരും ഒത്താശചെയ്തിരുന്നതായി വകുപ്പിന്റെ അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്.











