തിരുവനന്തപുരം: നവംബർ ഒന്നിന് 69ാം പിറന്നാളാഘോഷിക്കുകയാണ് ദൈവത്തിന്‍റെ സ്വന്തം നാടായ കേരളം. അതിദാരിദ്ര്യമുക്തമായ കേരളം എന്ന പ്രഖ്യാപനമാണ് ഈ കേരള പിറവി ദിനത്തിൽ സർക്കാർ മുന്നോട്ട് വെക്കുന്നത്. 1956 നവംബർ ഒന്നിന് ഭാഷാടിസ്ഥാനത്തിൽ മലബാർ, കൊച്ചി, തിരുവിതാംകൂർ എന്നീ നാട്ടുരാജ്യങ്ങൾ ചേർന്ന് കേരളം എന്ന ഒറ്റ സംസ്ഥാനം പിറവിയെടുക്കുകകയായിരുന്നു.
1957ലാണ് കേരളത്തിൽ തെരഞ്ഞെടുക്കപ്പെട്ട സർക്കാർ അധികാരത്തിൽ വരുന്നത്. രാജ്യത്ത് എക്കാലവും മുന്നിലാണ് നമ്മൾ. പൊതുജനാരോഗ്യ, വിദ്യാഭ്യാസ, വികസന മേഖലകളിൽ മുന്നോട്ട് കുതിക്കുന്ന നാട്. കാലാവസ്ഥ മാറ്റം സൃഷ്ടിച്ച വലിയ പ്രതിസന്ധികളെ പല കുറി അതിജീവിച്ചു നമ്മൾ. ഏതൊരു ദുരന്തമുഖത്തും ഒന്നാണ് നമ്മളെന്ന് ഊട്ടിയുറപ്പിക്കുന്ന ജനങ്ങളുടെ നാട്. ഈ പിറന്നാൾ ദിനം ഒന്നിച്ചാഘോഷിക്കാം
അതിദാരിദ്ര്യം തുടച്ചുനീക്കിയ ഇന്ത്യയിലെ ആദ്യ സംസ്ഥാനമായി കേരളത്തെ ഇന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപിക്കും. കേരളപ്പിറവി ദിനത്തില്‍ ചേരുന്ന പ്രത്യേക നിയമസഭാ സമ്മേളനത്തില്‍ മുഖ്യമന്ത്രി ഇതുസംബന്ധിച്ച് പ്രത്യേക പ്രസ്താവന നടത്തും.
ഇന്ന് വൈകിട്ട് അഞ്ച് മണിക്ക് തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ ഈ നേട്ടത്തിന്‍റെ പ്രഖ്യാപനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. സംസ്ഥാനത്തെ എല്ലാ മന്ത്രിമാരും ഈ ചടങ്ങില്‍ പങ്കെടുക്കും. പ്രതിപക്ഷനേതാവിനെ പരിപാടിയിലേക്ക് ക്ഷണിക്കും. ചലച്ചിത്രതാരങ്ങളായ കമല്‍ഹാസന്‍, മമ്മൂട്ടി, മോഹന്‍ലാല്‍ എന്നിവര്‍ മുഖ്യാതിഥികളായി പങ്കെടുക്കും. പരിപാടിക്ക് ശേഷവും മുന്‍പും കലാവിരുന്നും അരങ്ങേറും







