പി എം ശ്രീ വിവാദം ചർച്ച ചെയ്യാൻ സിപിഐഎം. നാളെ അടിയന്തര സെക്രട്ടേറിയറ്റ് യോഗം വിളിച്ചു. മുഖ്യമന്ത്രി വിദേശത്തു നിന്ന് തിരിച്ചെത്തിയതിന് പിന്നാലെയാണ് യോഗം ചേരുന്നത്. പി എം ശ്രീ വിവാദത്തിൽ സിപിഐയുടെ രാഷ്ട്രീയ നിലപാട് നാളെ പ്രഖ്യാപിക്കാനിരിക്കെയാണ് സിപിഐഎമ്മിന്റെ സെക്രട്ടേറിയറ്റ് യോഗം വിളിച്ചു ചേർത്തിരിക്കുന്നത്. നാളെ രാവിലെ 10 മണിയ്ക്കാണ് സെക്രട്ടറിയേറ്റ് ചേരുക. ഇന്ന് രാത്രി 8 മണിയോടെ മുഖ്യമന്ത്രി പിണറായി വിജയൻ ഗൾഫ് സന്ദർശനം പൂർത്തിയാക്കി തിരുവനന്തപുരത്തെത്തി.
എന്നാൽ പദ്ധതിയിൽ ഒപ്പിട്ടെങ്കിലും ഇടതുമുന്നണിയുടെ താൽപര്യത്തിന് വിരുദ്ധമായ ഒന്നും സംസ്ഥാനത്ത് നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രി ഉറപ്പു നൽകണമെന്നാണ് സിപിഐയുടെ ആവശ്യം. മുഖ്യമന്ത്രിയിൽ നിന്ന് വ്യക്തമായ ഉറപ്പ് ലഭിച്ചില്ലെങ്കിൽ മന്ത്രിസഭായോഗം ബഹിഷ്കരിക്കുന്നത് അടക്കമുള്ള കടുത്ത തീരുമാനങ്ങളിലേക്ക് കടക്കാനാണ് സിപിഐയിലെ ധാരണ.







