പരാതി രഹിത സ്കൂൾ ഒളിമ്പിക്സ് ആണ് നടന്നതെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. പല കായിക താരങ്ങൾക്കും സ്വന്തമായി വീടില്ല. രണ്ടാമത് സ്കൂൾ ഒളിമ്പിക്സിന്റെ ഓർമ്മ നിലനിർത്താൻ ഒരു തീരുമാനമെടുത്തു. സ്വർണ്ണം നേടിയവരും മീറ്റ് റെക്കോർഡ് നേടിയവരുമുണ്ട്. മീറ്റ് റെക്കോർഡും സ്വർണവും നേടിയ അർഹരായവർക്ക് വീട് വെച്ച് നൽകും
വീടില്ലാത്തവരും സ്ഥലമില്ലാത്തവരും ഉണ്ട്. നിലവിൽ 50 വീടുകൾ വച്ച് നൽകാനാണ് തീരുമാനം. 50 സ്പോൺസർമാരായെന്നും മന്ത്രി അറിയിച്ചു. ഇന്ന് ഉച്ചയ്ക്ക് ഞാൻ കുട്ടികൾക്കൊപ്പം ആണ് ഭക്ഷണം കഴിച്ചത്.
ഇത്രയും രുചിയുള്ള ബിരിയാണി ജീവിതത്തിൽ കഴിച്ചിട്ടില്ലെന്നും മന്ത്രി പറഞ്ഞു. ചൂരൽ പ്രയോഗത്തിൽ തെറ്റില്ലെന്ന ഹൈക്കോടതി നിരീക്ഷണത്തിനെതിരെ മന്ത്രി രംഗത്തെത്തി. സ്‌കൂളിൽ ചൂരൽ പ്രയോഗം പാടില്ല. അതാണ് ഇന്ത്യൻ നിയമം.
കുട്ടികളെ ശാരീരികമായി മാനസികമായും ഉപദ്രവിക്കാൻ അധികാരമില്ല.. കുട്ടികളെ ശിക്ഷിക്കുന്നത് അവരുടെ മാനസികവും വൈകാരികവുമായ വളർച്ചയെ ബാധിക്കും. കുട്ടികളെ ചൂരൽ പ്രയോഗം നടത്തിയല്ല നന്നാക്കേണ്ടത്. ഉപദേശം നൽകിയും അവരുടെ പ്രശ്നങ്ങൾ മനസ്സിലാക്കി പരിഹാരം കണ്ടെത്തിയുമാണ് നന്നാക്കേണ്ടതെന്നും മന്ത്രി പറഞ്ഞു
ദേശീയ വിദ്യാഭ്യാസ നയം നടപ്പാക്കേണ്ടത് നിർബന്ധമില്ല എന്ന ഉറപ്പാണ് കേന്ദ്രത്തിൻ്റെ ഭാഗത്ത് നിന്നുണ്ടായത്. സിലബസിൽ ഒരു മാറ്റവും ഉണ്ടാവില്ല. കേരളം കേരളത്തിൻറെ സിലബസ് തന്നെ നടപ്പാക്കും. അത് വിദ്യാഭ്യാസ മന്ത്രിയുടെ ഉറപ്പാണ്. ഉറപ്പു പറയുമ്പോൾ അതിന്റെ ഉത്തരവാദിത്വം എനിക്കാണ്. ധാരണ പത്രത്തിൽ കൃത്യമായി പറയുന്നുണ്ട്.
ഇരുകക്ഷികളും തമ്മിൽ ആശയവിനിമയം നടത്തിയാണ് നടപ്പാക്കേണ്ടത് എന്ന് പറയുന്നു. തർക്കമുള്ള വിഷയങ്ങളിൽ കോടതിയിൽ പോകാമെന്നും ധാരണയുണ്ട്. പി.എം ശ്രീയിലൂടെ ദേശീയ വിദ്യാഭ്യാസ നയം അടിച്ചേൽപ്പിക്കപ്പെടില്ല
സിപിഐക്കാർ രാഷ്ട്രീയ ശത്രുക്കളല്ല. സഹോദരന്മാർ തമ്മിൽ ചിലപ്പോൾ ചില കാര്യങ്ങൾ അറിയില്ല. ബിനോയ് വിശ്വം വിദ്യാഭ്യാസ വകുപ്പിനെ കുറിച്ച് എന്തു നല്ല അഭിപ്രായമാണ് പറഞ്ഞതെന്നും മന്ത്രി ചൂണ്ടിക്കാട്ടി.







