കൊച്ചി: ഉദയംപേരൂരിൽ സിപിഐഎം നേതാവിനെ പാർട്ടി ഓഫീസിൽ മരിച്ച നിലയിൽ കണ്ടെത്തി. ഉദയംപേരൂർ നടക്കാവ് ലോക്കൽ കമ്മിറ്റി മുൻ സെക്രട്ടറി പങ്കജാക്ഷനെയാണ് പാർട്ടി ഓഫീസിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്നലെ രാത്രിയായിരുന്നു സംഭവം.
ലോക്കൽ കമ്മിറ്റി ഓഫീസിനോടു ചേർന്നുള്ള വായനാ മുറിയിൽ ഇന്നലെ വൈകീട്ട് അദ്ദേഹം എത്തിയിരുന്നു. തുടർന്ന് ഇന്ന് രാവിലെയാണ് ഓഫീസിനകത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. ഏകദേശം 50 ലക്ഷത്തോളം രൂപയുടെ ബാധ്യത ഉണ്ടായിരുന്നതായാണ് വിവരം.
വ്യക്തിപരമായ സാമ്പത്തിക പ്രശ്‌നങ്ങൾ പങ്കജാക്ഷൻ നേരിട്ടിരുന്നതായും പാർട്ടിയുമായി പ്രശ്‌നങ്ങളില്ലായിരുന്നുവെന്നും സിപിഐഎം ഏരിയ നേതൃത്വം വ്യക്തമാക്കി. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി പൊലീസ് അന്വേഷണം ആരംഭിച്ചു.










