ചെന്നൈ: തമിഴ് നടൻമാരായ ശ്രീകാന്തിനും കൃഷ്ണകുമാറിനും എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) നോട്ടീസ്. ചെന്നൈയിലെ ഇഡി ഓഫീസിൽ ഹാജരാകാനാണ് നിർദ്ദേശം. ഈ മാസം 28ന് ശ്രീകാന്തിനോടും 29ന് കൃഷ്ണകുമാറിനോടും ഇഡി ഓഫീസിൽ ഹാജരാകാൻ നിർദ്ദേശിച്ചിട്ടുണ്ട്. കള്ളപ്പണ നിയമപ്രകാരമാണ് നടപടി. മാസങ്ങൾക്ക് മുൻപ് ലഹരിമരുന്നുകേസിൽ ഇരുവരെയും ചെന്നൈ പൊലീസ് അറസ്റ്റ് ചെയ്തതിരുന്നു. ഇതിനുപിന്നാലെയാണ് ഇഡിയുടെ നീക്കം. നിയമവിരുദ്ധമായി പണം സമ്പാദിച്ചു, കൊക്കെയ്‌ൻ ഉപയോഗിച്ചു എന്നിവയിലടക്കം ചോദ്യം ചെയ്യുമെന്നാണ് വിവരം.അറസ്റ്റിലായ എഐഎഡിഎംകെ നേതാവ് പ്രസാദിൽ നിന്നാണ് ശ്രീകാന്ത് ലഹരിമരുന്ന് ഉപയോഗിക്കുന്നതായി വിവിരം ലഭിച്ചത്. വിശദമായ ചോദ്യം ചെയ്യലിനുശേഷമാണ് പൊലീസ് അന്ന് അറസ്റ്റ് രേഖപ്പെടുത്തിയത്. ചെന്നൈയിലെ ഒരു ബാറിലുണ്ടായ അടിപിടിയെക്കുറിച്ച് അന്വേഷിക്കുന്നതിനിടെ പ്രസാദിനെ അറസ്റ്റ് ചെയ്തിരുന്നു. ഇയാൾ ലഹരി ഉപയോഗിച്ചിട്ടുണ്ടെന്നും പലർക്കും ലഹരി കൈമാറിയെന്നും പൊലീസ് ചോദ്യം ചെയ്യലിൽ നിന്ന് മനസിലാക്കി. ശ്രീകാന്തിന് ഇയാളുമായി ബന്ധമുള്ളതായും കൊക്കെയ്‌ൻ വാങ്ങി ഉപയോഗിച്ചെന്നും സംശയമുണ്ടായിരുന്നു.ചോദ്യം ചെയ്യലിൽ ശ്രീകാന്തിന് കൊക്കെയ്ൻ ഉൾപ്പെടെയുള്ള മയക്കുമരുന്നുകൾ വിതരണം ചെയ്തതായി പ്രസാദ് സമ്മതിച്ചിരുന്നു. ഇതിനെ തുടർന്ന് പൊലീസ് നടനെ ചോദ്യം ചെയ്യലിനായി വിളിപ്പിച്ചിരുന്നു. ശ്രീകാന്ത് 12,000 രൂപയ്ക്ക് ഒരു ഗ്രാം കൊക്കെയ്ൻ വാങ്ങിയതായി പ്രസാദ് മൊഴി നൽകിയിട്ടുണ്ട്. ചെന്നൈയിലെ സ്വകാര്യ പാർട്ടികളിലും ക്ലബ്ബുകളിലും ശ്രീകാന്ത് മയക്കുമരുന്ന് ഉപയോഗിച്ചിരുന്നുവെന്നും പ്രസാദ് ആരോപിച്ചു. ഈ വെളിപ്പെടുത്തലുകൾക്ക് പിന്നാലെ സിനിമാ മേഖലയിലെ മയക്കുമരുന്ന് ഉപയോഗത്തെക്കുറിച്ച് വിശാലമായ അന്വേഷണം ആരംഭിച്ചിരിക്കുകയാണ്








