കൊച്ചി: ഭരണഘടനയ്ക്കും വ്യക്തിയുടെ അന്തസ്സിനും സാമൂഹികതുല്യതയ്ക്കും മനുഷ്യാവകാശങ്ങൾക്കുമൊക്കെ എതിരാണെങ്കിൽ, ഭരണഘടന നിലവിൽവരുന്നതിന് മുൻപുള്ള ആചാരമാണെങ്കിലും അംഗീകരിക്കാനാകില്ലെന്ന് ഹൈക്കോടതി. ശാന്തിനിയമനത്തിനു തന്ത്രവിദ്യാലയ സർട്ടിഫിക്കറ്റ് മതിയെന്ന വിധിപ്രസ്താവത്തിലാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്.രാജ്യത്തെ നിയമത്തിന് എതിരായ ഒരാചാരത്തെയും ഭരണഘടനയ്ക്കനുസരിച്ച് പ്രവർത്തിക്കുന്ന കോടതിക്ക് അംഗീകരിക്കാനാകില്ലെന്നും ഹൈക്കോടതി പറഞ്ഞു. സുപ്രീംകോടതിയുടെ അടക്കം മുൻഉത്തരവുകൾ ചൂണ്ടിക്കാട്ടിയാണ് ഉത്തരവ്
തന്ത്രവിദ്യാലയങ്ങൾക്ക് അംഗീകാരം നൽകുന്ന ദേവസ്വം ബോർഡിന്റെ ചട്ടഭേദഗതി ഹൈക്കോടതി ശരിവെച്ചു. തന്ത്രവിദ്യാലയങ്ങൾക്കായി ദേവസ്വം റിക്രൂട്ട്‌മെന്റ് ബോർഡ് നിർദേശിച്ച പാഠ്യപദ്ധതിയിൽ വേദങ്ങൾ, ആചാരങ്ങൾ, മാതാനുഷ്ഠാനം, ആരാധന രീതി ഒക്കെ ഉൾപ്പെടുത്തിയിട്ടുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി.
പാർട് ടൈം ശാന്തിമാരുടെ യോഗ്യത നിശ്ചയിച്ചത് ദേവസ്വം റിക്രൂട്ടുമെന്റ് ബോർഡ് വിദഗ്ധരുടെ അഭിപ്രായം കണക്കിലെടുത്താണെന്ന് ശാന്തിനിയമനത്തിലെ ചട്ടഭേദഗതി അംഗീകരിച്ചുകൊണ്ട് കോടതി പറഞ്ഞു. അഖിലകേരള തന്ത്രിസമാജം പ്രസിഡന്റും ഇതിന്റെ ഭാഗമായിരുന്നെന്നും ചൂണ്ടിക്കാട്ടി.









