ചങ്ങരംകുളം:ആസന്നമായ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ യു ഡി എഫിൽ സീറ്റ് വിഭജനം പൂർത്തിയായതായി യു ഡി എഫ് പഞ്ചായത്ത് നേതൃ യോഗം അറിയിച്ചു. വാർഡ് പുനർ നിർണ്ണയത്തിലൂടെ പുതുതായി വന്ന രണ്ട് വാർഡുകൾ കോൺഗ്രസ്സും ലീഗും ഓരോന്ന് വീതം എടുത്ത് മൊത്തം കോൺഗ്രസ് 10 സീറ്റിലും ലീഗ് 11 സീറ്റിലും മത്സരിക്കാൻ ധാരണയായി എന്നും തിരഞ്ഞെടുപ്പിനെ നേരിടാൻ യുഡിഎഫ് സജ്ജമായി എന്നും യോഗം അറിയിച്ചു.
പഞ്ചായത്ത് ഓഫീസിൽ ജീവനക്കാർ ഇല്ലാത്തതിനാൽ സേവനം ലഭിക്കാതെ ജനം വലയുന്നതും പഞ്ചായത്തിലെ റോഡുകളുടെ അതി ശോചനീയ അവസ്ഥയും പഞ്ചായത്തിന്റെ പുതിയ കെട്ടിട നിർമ്മാണത്തിലെ വൻ അഴിമതിയും വ്യാപാരികളെയും പൊതു ജനങ്ങളെയും ദുരിതത്തിലാക്കി ഇഴഞ്ഞു നീങ്ങുന്ന ടൌൺ സൗന്ദര്യവത്കരണ പ്രവർത്തനങ്ങളും അതിലെ അഴിമതിയും പാഞ്ചായത്തിനു കീഴിലെ ആരോഗ്യ സ്ഥാപനങ്ങളിൽ മരുന്നും ജീവനക്കാരും ഇല്ലാത്തതും ഉൾപ്പെടെയുള്ള ജനകീയ വിഷയങ്ങൾ ഉന്നയിച്ചു കൊണ്ട് യു ഡി എഫ് ആലംകോട് പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തിൽ പഞ്ചായത്തിലേക്ക് ജനകീയ മാർച്ച് നടത്താൻ തീരുമാനിച്ചതായും യോഗം അറിയിച്ചു.ഒക്ടോബർ 23 വ്യാഴാഴ്ച രാവിലെ 10 മണിക്ക് നടക്കുന്ന മാർച്ചിൽ യു ഡി എഫ് ജില്ലാ നിയോജകമണ്ഡലം നേതാക്കൾ പങ്കെടുക്കും.യോഗത്തിൽ പി പി യൂസഫലി, അഡ്വ. സിദ്ദീഖ് പന്താവൂർ, പി ടി കാദർ, ഷാനവാസ് വട്ടത്തൂർ, എം കെ അൻവർ, രഞ്ജിത്ത് അടാട്ട്, ഹുറൈർ കൊടക്കാട്ട്, കുഞ്ഞു കോക്കൂർ, മണിമാസ്റ്റർ, മാമു വളയംകുളം, സലിം കോക്കൂർ, അബ്ദു കാണിയിൽ എന്നിവർ സംബന്ധിച്ചു.







