കല്ലടിക്കോട് (പാലക്കാട്): കല്ലടിക്കോട്ട് അയല്‍വാസികളായ രണ്ടുപേരെ വെടിയേറ്റ് മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഉപയോഗിച്ചത് ലൈസന്‍സില്ലാത്ത നാടന്‍ തോക്കെന്ന് പോലീസ്. മരുതംകാട് കളപ്പുരയ്ക്കല്‍ നിതിന്‍ (25), മരുതംകാട് ബിനു (45) എന്നിവരാണ് മരിച്ചത്. നിതിനെ വെടിവെച്ചശേഷം ബിനു സ്വയം വെടിയുതിര്‍ത്ത് മരിച്ചതാകാമെന്നാണ് പോലീസ് നിഗമനം. ബിനുവിന്റെ അരയിലെ പൗച്ചില്‍ നിന്ന് 17 വെടിയുണ്ടകള്‍ പോലീസ് കണ്ടെടുത്തു.ഇരുവരും നേരത്തേ നല്ല സൗഹൃദത്തിലായിരുന്നു. അമ്മയെക്കുറിച്ച് ബിനു മോശമായി സംസാരിച്ചതാണ് ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടാകാന്‍ കാരണമെന്നാണ് പോലീസ് പറയുന്നത്. ലൈസന്‍സില്ലാത്ത തോക്ക് ഉപയോഗിച്ചാണ് വെടിവെച്ചിരിക്കുന്നതെന്നാണ് പോലീസിന്റെ പ്രാഥമിക കണ്ടെത്തല്‍. അതിന് ലൈസന്‍സ് ഉണ്ടാകാനുള്ള സാധ്യതയില്ല.
ചൊവ്വാഴ്ച ഉച്ചയ്ക്ക് മൂന്നുമണിയോടെയായിരുന്നു സംഭവം. പരിസരവാസിയായ അനില്‍കുമാര്‍ ടാപ്പിങ് ജോലികഴിഞ്ഞ് വരുന്നതിനിടെയാണ് ബിനുവിനെ റോഡില്‍ കിടക്കുന്ന നിലയില്‍ കണ്ടത്. ശരീരത്തില്‍നിന്ന് രക്തം ഒഴുകുന്നുണ്ടായിരുന്നു. തുടര്‍ന്ന്, കല്ലടിക്കോട് പോലീസില്‍ വിവരമറിയിച്ചു. പോലീസെത്തി നടത്തിയ പരിശോധനയില്‍ സമീപത്തെ വീടിന്റെ അടുക്കളയില്‍ നിതിനെയും മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു. നിതിന്റെ കൈയില്‍ കറിക്കത്തിയുണ്ടായിരുന്നു.
ചൊവ്വാഴ്ച ബിനു നിതിന്റെ വീട്ടിലേക്കെത്തുന്നു. പിന്നീട് ഇരുവരും തമ്മില്‍ വാക്കുതര്‍ക്കമുണ്ടാകുന്നു. വാക്കുതര്‍ക്കത്തിനൊടുവില്‍ നിതിന്‍ ആദ്യം ബിനുവിനെ കുത്താനായി കത്തിയെടുക്കുന്നു. ഇതുകണ്ട ബിനു കൈയിലുണ്ടായിരുന്ന തോക്ക് ഉപയോഗിച്ച് നിതിനെ വെടിവെക്കുന്നു. നിതിന്‍ മരിച്ചെന്ന് മനസിലായതോടെ ബിനു സ്വയം വെടിവെച്ച് മരിക്കുകയുമായിരുന്നു എന്നാണ് പോലീസിന്റെ കണ്ടെത്തല്‍.
ഇരുവരുടെയും മൃതദേഹങ്ങള്‍ പോസ്റ്റുമോര്‍ട്ടത്തിനായി മാറ്റിയിരിക്കുകയാണ്. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് വരുന്നതോടെ കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാകുമെന്ന വിലയിരുത്തലിലാണ് പോലീസ്. നിതിന്റെ കക്ഷത്തിനുതാഴെയും ബിനുവിന്റെ ഇടതുനെഞ്ചിനുതാഴെയുമാണ് വെടിയേറ്റിട്ടുള്ളത്. തര്‍ക്കത്തിനിടെ നിതിന്‍ കത്തിയെടുത്തപ്പോഴേക്കും ബിനു വെടിയുതിര്‍ത്തതാണെന്ന് പോലീസ് കരുതുന്നു.
എന്താണ് ഇരുവര്‍ക്കും ഇടയിലുണ്ടായ തര്‍ക്കം എന്നതാണ് പ്രധാന ചോദ്യം. ഇവിടെയാണ് നിതിന്‍ കുറച്ചുനാള്‍ മുമ്പ് അമ്മയോട് സൂചിപ്പിച്ച കാര്യം പ്രസക്തമാകുന്നത്. ബിനു അനാവശ്യമായി ചില കാര്യങ്ങള്‍ അമ്മയെക്കുറിച്ച് പറയുന്നു എന്നതായിരുന്നു അത്. ഇതുമായി ബന്ധപ്പെട്ട് നിതിനും ബിനുവും തമ്മില്‍ പ്രശ്‌നങ്ങളുണ്ടായിരുന്നു. ഇരുവരുടെയും വീടുകള്‍തമ്മില്‍ 150 മീറ്റര്‍ ദൂരമേയുള്ളൂ. ബിനു കഴിഞ്ഞദിവസം മകനോട് മോശമായി സംസാരിച്ചതായി നിതിന്റെ അമ്മ ഷൈല പോലീസിനോട് പറഞ്ഞിട്ടുണ്ട്.പാതയോരത്ത് ഓടുമേഞ്ഞ വീടിന്റെ പിന്നിലെ അടുക്കളയിലാണ് നിതിനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തുന്നത്. നിതിനെ വെടിവെച്ചശേഷം പുറത്തിറങ്ങി വീടിനുമുന്‍പിലെ റോഡില്‍നിന്ന് സ്വന്തം നെഞ്ചിലേക്ക് ബിനുവും വെടിവെയ്ക്കുകയായിരുന്നു എന്നാണ് പോലീസും കരുതുന്നത്. ശാസ്ത്രീയ പരിശോധനയ്ക്കുശേഷമേ കൂടുതല്‍ വ്യക്തത ലഭിക്കൂഎന്ന് പോലീസ് പറഞ്ഞു. ബിനുവിന്റെ കൈയിലുണ്ടായിരുന്ന തോക്ക് പ്രദേശത്തെ വനത്തില്‍ വേട്ടയ്ക്ക് ഉപയോഗിച്ചുവരുന്നതാണെന്നാണ് നിഗമനം. ഏറെക്കുറെ വിജനമായ പ്രദേശമാണിത്. അതിനാല്‍ത്തന്നെ വെടിയൊച്ച ആരും ശ്രദ്ധിച്ചില്ല.
മണ്ണാര്‍ക്കാട് ഡിവൈഎസ്പി എം. സന്തോഷ്‌കുമാറിന്റെ നേതൃത്വത്തില്‍ സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം ആരംഭിക്കും. അസ്വാഭാവികമരണത്തിനാണ് കേസെടുത്തിട്ടുള്ളതെങ്കിലും പോസ്റ്റ്‌മോര്‍ട്ടം ഉള്‍പ്പെടെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയായാല്‍ കേസിന്റെ സ്വഭാവം മാറിയേക്കും.