കണ്ണൂർ കൂത്തുപറമ്പ് എംഎൽഎ കെ പി മോഹനന് നേരെ ഉണ്ടായ കയ്യേറ്റത്തിൽ സ്വമേധയാ കേസെടുത്ത് പൊലീസ്. കണ്ടാൽ അറിയാവുന്ന 25 പേർക്ക് എതിരെയാണ് കേസെടുത്തത്. ചൊക്ലി പോലീസാണ് കേസ് എടുത്തത്. മാലിന്യ പ്രശ്നത്തിൽ പ്രതിഷേധിക്കുന്ന നാട്ടുകാർക്കിടയിലൂടെ എംഎൽഎ നടന്നു പോകുന്നതിനിടെയാണ് കയ്യേറ്റം ഉണ്ടായത്. കരിയാട് അങ്കണവാടി ഉദ്ഘാടനത്തിന് എത്തിയതായിരുന്നു മുൻമന്ത്രി കൂടിയായ കെ പി മോഹനൻ.മാസങ്ങളായി ഒരു ഡയാലിസിസ് സെന്റർ പ്രവർത്തിക്കുന്നുണ്ട്. ഇവിടുത്തെ മാലിന്യങ്ങൾ പുറത്തേക്ക് ഒഴുക്കുന്നു എന്ന പ്രശ്നം ഉന്നയിച്ചുകൊണ്ട് നാട്ടുകാർ പ്രതിഷേധം നടത്തിവരികയായിരുന്നു. എംഎൽഎ ഒറ്റയ്ക്കാണ് ഉണ്ടായിരുന്നത്. ഒപ്പം പാർട്ടിക്കാരോ, സഹായികളോ ഉണ്ടായിരുന്നില്ല. പ്രകോപിതരായ പ്രതിഷേധക്കാർ എംഎൽഎയെ പിടിച്ചു തള്ളുകയും കയ്യേറ്റം ചെയ്യാൻ ശ്രമിക്കുകയും ചെയ്തു. വലിയ വാക്കേറ്റവും ഉണ്ടായി.കയ്യേറ്റത്തിനെതിരെ പൊലീസിൽ പരാതി നൽകാൻ ഇല്ലെന്നും സ്വമേധയ കേസെടുത്താൽ സഹകരിക്കുമെന്നും കെപി മോഹനൻ പ്രതികരിച്ചിരുന്നു. തനിക്ക് നേരെയുണ്ടായ നാട്ടുകാരുടെ കയ്യേറ്റശ്രമം ബോധപൂർവ്വം ആയിരുന്നില്ലെന്ന് അദേഹം പറഞ്ഞു. പ്രതിഷേധക്കാർക്ക് പ്രത്യേക രാഷ്ട്രീയ താൽപ്പര്യം ഉള്ളതായി അറിയില്ല. മാലിന്യ പ്രശ്നത്തിൽ ഇടപ്പെട്ടിട്ടുണ്ടായിരുന്നെന്നും അഞ്ചാം തീയതി ഇരുവിഭാഗവും പങ്കെടുക്കുന്ന യോഗം തീരുമാനിച്ചിട്ടുണ്ടെന്നും കെപി മോഹനൻ വ്യക്തമാക്കി









