തിരുവനന്തപുരം: ആര്‍എസ്എസിന്റെ നൂറാം വാര്‍ഷികവുമായി ബന്ധപ്പെട്ട് 100 രൂപ നാണയവും സ്റ്റാമ്പും പുറത്തിറക്കിയതില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. നടപടി ഭരണഘടനയെ അപമാനിക്കുന്നതാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ആര്‍എസ്എസ് സ്വാതന്ത്ര്യസമരത്തില്‍ നിന്ന് വിട്ടുനിന്നവരാണെന്നും വിഭജന പ്രത്യയശാസ്ത്രത്തെ പ്രോത്സാഹിപ്പിക്കുന്ന സംഘടനയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. മതേതര ഇന്ത്യയ്ക്ക് നേരെയുളള ആക്രമണമാണ് ആര്‍എസ്എസിനുളള ഈ ബഹുമതിയെന്നും മുഖ്യമന്ത്രി പറഞ്ഞു. എക്‌സിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.ആർഎസ്എസിന്റെ നൂറാം വാർഷികത്തോടനുബന്ധിച്ച് പ്രത്യേക തപാൽ സ്റ്റാമ്പും നാണയവും പ്രകാശനം ചെയ്തതിനെതിരെ സിപിഐഎം പോളിറ്റ് ബ്യൂറോ രംഗത്തെത്തിയിരുന്നു. ആർഎസ്എസ് ഒരിക്കലും അംഗീകരിച്ചിട്ടില്ലാത്ത ഭരണഘടനയോടുള്ള അവഹേളനമാണിതെന്ന് പിബി കുറ്റപ്പെടുത്തി. ഭരണഘടനയെ അപമാനിക്കരുത്. നാണയത്തിൽ ഒരു ഹിന്ദു ദേവതയുടെ ചിത്രം പകർത്തുന്നത് അങ്ങേയറ്റം പ്രതിഷേധാർഹമാണ്. പ്രധാനമന്ത്രി ഭരണഘടനാ പദവിയുടെ അന്തസ് താഴ്ത്തിക്കെട്ടിയിരിക്കുന്നുവെന്നും സിപിഐഎം പിബി വിമർശിച്ചു.ഡല്‍ഹിയില്‍ സംഘടിപ്പിച്ച ആർഎസ്എസ് വാർഷിക വേളയിൽ കാവിക്കൊടിയേന്തിയ വനിതയുടെ ചിത്രമുള്ള നൂറ് രൂപ നാണയമാണ് പ്രധാനമന്ത്രി പുറത്തിറക്കിയത്. ഇതിന് പുറമെ പ്രത്യേക സ്റ്റാമ്പും പുറത്തിറക്കിയിട്ടുണ്ട്. ചരിത്രത്തിൽ ആദ്യമായാണ് ‘ഭാരത് മാത’യുടെ ചിത്രം ഇന്ത്യൻ നാണയത്തിൽ ഉണ്ടാകുന്നതെന്നും മോദി പറഞ്ഞു. ആർഎസ്‌എസിന്റെ മുദ്രാവാക്യമായ “രാഷ്ട്രേ സ്വാഹാ, ഇടം രാഷ്ട്രായ, ഇടം ന മമ” എന്നതും നാണയത്തിലുണ്ട്. “എല്ലാം രാഷ്ട്രത്തിന് സമർപ്പിച്ചിരിക്കുന്നു, എല്ലാം രാഷ്ട്രത്തിന്റേതാണ്, ഒന്നും എന്റേതല്ല” എന്നാണ് ഇതിനർത്ഥം. രാജ്യത്ത് എവിടെ ദുരന്തം ഉണ്ടായാലും അവിടെ ഓടിയെത്തുന്ന സംഘടനയാണ് ആര്‍എസ്എസ് എന്നും വയനാട്ടില്‍ ഉരുള്‍പ്പൊട്ടല്‍ സമയത്ത് ആദ്യം ഓടിയെത്തിയത് ആര്‍എസ്എസ് ആണെന്നും പ്രധാനമന്ത്രി വാര്‍ഷികാഘോഷ പരിപാടിയില്‍ പറഞ്ഞിരുന്നു.