നീണ്ട ഇരുപത് വർഷത്തെ ഇടവേളയ്ക്ക് ശേഷം ഇടിക്കൂട്ടിലെ ഇതിഹാസ താരം മൈക്ക് ടൈസണ്‍ പ്രൊഫഷണല്‍ ബോക്‌സിങ് റിങ്ങിലേക്ക് തിരിച്ചെത്തുന്ന മത്സരം വിവാദത്തിൽ. ഇന്ത്യൻ സമയം ശനിയാഴ്ച രാവിലെ ആറ് മണിക്ക് യു എസിലെ ടെക്‌സസ് എടി ആന്‍ഡ് ടി സ്‌റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിന്റെ പ്രീ മാച്ച് പ്രസന്റേഷനിൽ ടൈസണ്‍ എതിരാളിയുടെ മുഖത്ത് അടിച്ചതാണ് വിവാദമായത്. പ്രോബ്ലം ചൈല്‍ഡ് എന്ന അപരനാമമുള്ള ജേക്ക് പോളിനെയാണ് ടൈസണ്‍ തന്റെ വലത് കൈകൊണ്ട് അടിച്ചത്. അടി വീണതോടെ രംഗം കൊഴുത്തുവന്നെങ്കിലും സുരക്ഷാ ജീവനക്കാര്‍ ചേർന്ന് ഇരുവരെയും ഉടനെ പിടിച്ചുമാറ്റി. ടൈസന്റെ അടിയിൽ തനിക്ക് ഒന്നും പറ്റിയില്ലെന്നും യഥാർഥ അടിയും ഇടിയും ശനിയാഴ്ച റിങ്ങിൽ കാണാമെന്നും പോൾ പറഞ്ഞു.അതേസമയം ഇരുപത് വർഷത്തെ ഇടവേളയ്ക്കുശേഷം തന്റെ അമ്പത്തിയെട്ടാം വയസ്സിലാണ് ടൈസണ്‍ തന്റെ പകുതി പ്രായമുള്ള എതിരാളിക്കെതിരെ ഇറങ്ങുന്നത്. 228.4 പൗണ്ടാണ് ഇപ്പോഴത്തെ ടൈസന്റെ ശരീരഭാരം. 227.2 പൗണ്ടാണ് പോളിന്റെ ഭാരം. മത്സരത്തിന് ഏതാണ്ട് അറുപതിനായിരത്തോളം കാണികളെയാണ് സംഘാടകര്‍ പ്രതീക്ഷിക്കുന്നത്. തലമുറകളുടെ പോരാട്ടം എന്നറിയപ്പെടുന്ന ഈ ഇടിപ്പോര് നെറ്റ്ഫ്‌ളിക്‌സ് തത്സമയം സംപ്രേക്ഷണം ചെയ്യുന്നുമുണ്ട്. 2005ലായിരുന്നു ടൈസന്റെ അവസാന പ്രൊഫഷണല്‍ പേരാട്ടം. പിന്നീട് തിരിച്ചുവരാനുള്ള ശ്രമങ്ങൾ നടത്തിയെങ്കിലും അനാരോഗ്യം തടസ്സമായി നിന്നു. ആരാധകർ ഏറെ ആഗ്രഹിച്ച ഈ തിരിച്ചുവരവിൽ ടൈസന് 20 മില്യൺ ഡോളർ പ്രതിഫലം നൽകുന്നതായും റിപ്പോർട്ടുണ്ട്. ഇന്ത്യൻ മൂല്യത്തിലേക്ക് നോക്കിയാൽ ഏകദേശം 169 കോടി രൂപയോളം വരും.