കോഴിക്കോട് വിവാഹാഭ്യർത്ഥന നിരസിച്ചതിനെത്തുടർന്ന് വീട്ടമ്മയെ കത്തി കൊണ്ട് കുത്തിക്കൊലപ്പെടുത്താൻ ശ്രമം. കൊടക്കല്ലിൽ പെട്രോൾ പമ്പിന് സമീപം വാടകയ്ക്ക് താമസിക്കുന്ന മഷൂദ് (33) ആണ് പേരാമ്പ്ര സ്വദേശിയായ വീട്ടമ്മയെ കത്തിവീശി കൊലപ്പെടുത്താൻ ശ്രമിച്ചത്. വ്യാഴാഴ്ച രാത്രി 7.30 ഓടെയാണ് സംഭവം നടന്നത്.പർദ ഷോപ്പിലെ ജീവനക്കാരിയായ വീട്ടമ്മയും മഷൂദും തമ്മിൽ പരിചയത്തിലായിരന്നു. അത്താണി കൊങ്ങന്നൂർ ജംഗ്ഷനിലുള്ള മത്സ്യക്കടയിൽ മഷൂദ് മുൻപ് ജോലി നോക്കിയിരുന്നു. വീട്ടമ്മയോട് മഷൂദ് വിവാഹാഭ്യർത്ഥന നടത്തിയെങ്കിലും നിരസിച്ചു. തുടർന്ന് വീട്ടമ്മ കടയിൽ നിന്ന് മടങ്ങി വരുന്ന വഴി വീടിന് സമീപത്തുവച്ചാണ് ആക്രമണം ഉണ്ടായത്. വീട്ടമ്മയുടെ കഴുത്തിലാണ് മുറിവേറ്റത്. ആറ് തുന്നലുണ്ട്. ഇവർ അപകട നില തരണം ചെയ്തതായി ആശുപത്രി അധികൃതർ അറിയിച്ചു. വീട്ടമ്മയുടെ ഭർത്താവ് പ്രവാസിയാണ്. 13 ഉം 7ഉം വയസുള്ള രണ്ട് മക്കളുമുണ്ട്.വീട്ടമ്മയുടെ പരാതിയിൽ മഷൂദിനെതിരെ വധശ്രമത്തിന് കേസെടുത്തതായി അത്തോളി പൊലീസ് അറിയിച്ചു. പ്രതിയെ കണ്ടെത്താനായി അന്വേഷണം നടക്കുകയാണ്.