എടപ്പാള്‍:തവനൂർ നിയോജക മണ്ഡലം കേന്ദ്രീകരിച്ച് പ്രവർത്തിച്ചു വരുന്ന സി.പി.അലവിഹാജി സ്‌മാരക ചാരിറ്റബിൾ ട്രസ്റ്റിന്റെ (മാണൂർ) വിപുലീകരിച്ച ക്ഷേമ പദ്ധതികളുടെ പ്രഖ്യാപനവും, സി.പി. അലവി ഹാജി സ്മാരക പ്രഥമ ജനപ്രഭാ പുരസ്‌കാരം നേടിയ എം.പി. ഇ.ടി. മുഹമ്മദ് ബഷീറിനുള്ള പുരസ്കാര സമർപ്പണവും ഇന്ന് നടക്കുമെന്ന് ഭാരവാഹികൾ എടപ്പാളിൽ നടത്തിയ വാർത്ത സമ്മേളനത്തിൽ അറിയിച്ചു.സെപ്‌തംബർ 20 ശനിയാഴ്‌ച വൈകുന്നേരം 3.30 ന് മാണൂർ അലവി ഹാജി നഗറിൽ നടക്കുന്ന ചടങ്ങ് മുസ്ലീം ലീഗ് സംസ്ഥാന പ്രസിഡൻ്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് ഉദ്ഘാടനം ചെയ്യും.ചന്തപ്പറമ്പിൽ അലവി ഹാജിയുടെ പേരിൽ രാഷ്ട്രീയ – സാമൂഹിക – വ്യവസായ രംഗങ്ങളിൽ നിറസാന്നിധ്യമായ മകൻ ഡോ സി.പി ബാവഹാജി ഏർപ്പെടുത്തിയതാണ് അലവിഹാജി ജനപ്രഭാ പുരസ്കാരം.
കേരളത്തിലും വടക്കേ ഇന്ത്യയിലുമടക്കം ഇ.ടി. മുഹമ്മദ് ബഷീർ നടത്തുന്ന ജീവകാരുണ്യ പ്രവർത്തനങ്ങളാണ് പുരസ്കാരത്തിന് അടിസ്ഥാനമെന്ന് ജഡ്ജിങ് കമ്മിറ്റി അറിയിച്ചു.പുരസ്കാരമായി ഒരു ലക്ഷം രൂപ , ഫലകം ,അനുമോദനലിഖിതം എന്നിവയുടെ സമർപ്പണവും സാദിഖലി ശിഹാബ് തങ്ങൾ സമർപ്പിക്കും.ജീവകാരുണ്യ പദ്ധതികളുടെ പ്രഖ്യാപനം ട്രസ്റ്റ് വൈസ് പ്രസിഡൻ്റ് സി.പി. ശിഹാബ് നിർവ്വഹിക്കും.നിയമ സഭ പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി അനുസ്മരണ പ്രഭാഷണം നടത്തും.ദേശീയ മാധ്യമ മേഖലയിലെ ശ്രദ്ധേയ വ്യക്തിയും സാംസ്ക്കാരിക ആക്റ്റിവിസ്റ്റുമായ വെങ്കിടേഷ് രാമകൃഷ്ണൻ മുഖ്യാതിഥിയാക്കും.ഡോ: എം.പി അബ്ദുസ്സമദ് സമദാനി എം. പി.മുൻ എം.പി
കെ. മുരളീധരൻ ,എ.പി അനിൽ കുമാർ എം.എൽ.എ.ഹമീദ് മാസ്റ്റർ എം.എൽ.എ തുടങ്ങിയവർ പങ്കെടുക്കും.വാർത്താ സമ്മേളനത്തിൽ
ഡോ: സിപി ബാവഹാജി, എം അബ്ദുള്ള കുട്ടി,പത്തിൽ അഷ്റഫ്, ആബിദ് ഹുസൈൻ തങ്ങൾ എന്നിവർ പങ്കെടുത്തു











