കൂറ്റനാട്: ഇരുതലമൂരിയെ വില്പന നടത്താൻ ശ്രമിച്ച സംഘം വനംവകുപ്പിൻ്റെ പിടിയിൽ. പത്തനംതിട്ട മെഴുവേലി സ്വദേശി കെ.എസ്.രഞ്ചു (32),കൊല്ലം, കണ്ണനല്ലൂർ സ്വദേശി ദേവദാസ് (64), പാലക്കാട്, വാവനൂർ സ്വദേശി പി.പി. ബഷീർ (53), കൂറ്റനാട് സ്വദേശി വി.എസ്.അഷ്റഫലി (42) എന്നിവരാണ് വനം വകുപ്പിൻ്റെ പിടിയിലായത്. അന്ധവിശ്വാസത്തിൻ്റെ ഭാഗമായി ജില്ലയുടെ മറ്റു ഭാഗങ്ങളിലും അപൂർവ്വ ഇനം പാമ്പായ ഇരുതലമൂരി എന്ന പാമ്പുകളുടെ രഹസ്യ വില്പന സജീവമാണെന്ന വിവരത്തിൻ്റെ അടിസ്ഥാനത്തിൽ വനം വകുപ്പ് ഇൻ്റലിജൻസ് വിഭാഗം നിരീക്ഷണം ശക്തമാക്കിയിരുന്നു. കൂറ്റനാട് – പട്ടാമ്പി പാതയിൽ സ്വകാര്യ കെട്ടിടത്തിലെ താമസ സ്ഥലത്ത് നിന്നാണ് പാമ്പിനെ വാങ്ങിക്കാൻ വന്നവരുൾപ്പെടുന്ന നാലംഗ സംഘത്തിനെയും വനംവകുപ്പുദ്യോഗസ്ഥർ അറസ്റ്റു ചെയ്തത്. പ്രതികളെ പട്ടാമ്പി കോടതിയിൽ ഹാജരാക്കി 14 ദിവസത്തെ റിമാൻ്റിനായി ഒറ്റപ്പാലം സബ്ജയിലിലേക്കയച്ചു. പാലക്കാട് ഫോറസ്റ്റ് വിജിലൻസ് ടീമും ഒറ്റപ്പാലം പട്ടാമ്പി ഫോറസ്റ്റ് സെക്ഷനിലെ വനം വകുപ്പ് ഉദ്യോഗസ്ഥരും ചേർന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
2.8 കിലോഗ്രാം തൂക്കമുള്ള ഇരുതലമൂരിയെയാണ് ഇവരിൽ നിന്ന് പിടിച്ചെടുത്തത്. കാഴ്ചയിൽ പെരുമ്പാമ്പുകളോടും അണലികളോടും സാദൃശ്യമുള്ള വിഷമില്ലാത്തയിനം പാമ്പാണ് ഇരുതലമൂരി. തലയും വാലും കാഴ്ചയിൽ ഒരേപോലെ തോന്നിക്കുന്നതിനാലാണ് ഇതിന് ഈ പേര് ലഭിച്ചത്. കൂടുതൽ സമയവും മണ്ണിനടിയിലായതിനാൽ മണ്ണൂലി എന്നും ചുവന്ന മണ്ണൂലി, മണ്ണുതീനി പാമ്പ്, മണ്ഡലി എന്നും വിവിധ പേരുകൾ ഇവയ്ക്കുണ്ട്.
അന്ധവിശ്വാസത്തെ ചൂഷണം ചെയ്ത് ലക്ഷങ്ങളുടെ തിരിമറിയാണ് ഇതിൻ്റെ പേരിൽ നടക്കുന്നത്. ഇന്ത്യൻ സാൻഡ് ബോവ , ഇന്ത്യ റെഡ് ബോവ ,ബ്രൗൺ സാൻഡ് ബോവ എന്നീ പേരുകളിൽ വിദേശങ്ങളിലേക്ക് കള്ളക്കടത്ത് നടത്തി പിടിക്കപ്പെട്ട കേസുകൾ നിരവധിയാണെന്നും പോലീസ് പറഞ്ഞു. വിദേശ ഇടപാടിന് വേണ്ടിയുള്ള തിരിമറിയാണ് കൂറ്റനാട് നടന്നതെന്നും പോലീസ് സംശയിക്കുന്നു. സുരക്ഷിതവിഭാഗത്തിൽപ്പെട്ട ഇരുതല മൂരിയെ പിടികൂടുന്നതും വിൽക്കുന്നതും വലിയ കുറ്റമാണ്. തൂക്കത്തിനനുസരിച്ച് ലക്ഷങ്ങളും കോടികളുമാണ് ഏജൻ്റുമാർ വില നിശ്ചയിക്കുന്നത്.
ഇരുതലമൂരിയുടെ വില ബ്ലാക്ക് മാർക്കറ്റിൽ കൂടാൻ പ്രധാന കാരണം അവയെ ചുറ്റിപ്പറ്റിയുള്ള അന്ധവിശ്വാസങ്ങൾ തന്നെയാണ്. ശരിക്കും ഈ പാമ്പിന് രണ്ട് തലയോ രണ്ട് വായയോ ഇല്ല പാമ്പിൻറെ വാൽ സ്വാഭാവികമായും അതിൻറെ തലയോട് സാമ്യമുണ്ടെന്ന് മാത്രം. നിരുപദ്രകാരികളാണ് ഇവ. എന്നാൽ ഇവയുടെ രൂപവും മറ്റും കാരണം പല അന്ധവിശ്വാസങ്ങളും ഇതിന് ചുറ്റിപ്പറ്റി നിലനിൽക്കുന്നുണ്ട് അത്ഭുതസിദ്ധികൾ ഇരുതലമൂരിക്ക് ഉണ്ടെന്നും ഇവയെ സൂക്ഷിച്ചാൽ ഭാഗ്യം തേടിയെത്തും എന്നതാണ് ഇത്തരം ലോബികളുടെ പ്രധാന പ്രചരണം.മാത്രവുമല്ല കാൻസർ എയ്ഡ്സ് പോലുള്ള മാരക രോഗങ്ങൾ ഭേദമാക്കാൻ കഴിവുള്ള ഔഷധഗുണങ്ങൾ ഇവയ്ക്കുണ്ടെന്നും ചിലർ പ്രചരിപ്പിക്കുന്നു. എന്നാൽ ഈ പാമ്പിനെ അങ്ങനെയുള്ള ഒരു കഴിവും ഇല്ലെന്നാണ് വന്യജീവി വിദഗ്ധർ പറയുന്നത്. ഇത്തരം അന്ധവിശ്വാസങ്ങൾ കാരണം ഇവയെ നിരവധി പേരാണ് വേട്ടയാടി ബ്ലാക്ക് മാർക്കറ്റിൽ ഇപ്പോഴും വിൽപ്പന നടത്തുന്നത്. വനംവകുപ്പിൻ്റെ നാലാം ഷെഡ്യൂളിൽ പെട്ട ഇതിനെ പിടികൂടുന്നതും വിൽക്കുന്നതും കൊല്ലുന്നതും കുറ്റമാണ്. കനത്ത പിഴയും ജയിൽ ശിക്ഷയും അനുഭവിക്കേണ്ടി വരുമെന്നും വനംവകുപ്പധികൃതർ പറഞ്ഞു.











