പ്രീമിയര്‍ ലീഗ് സീസണ് മുന്നോടിയായുള്ള എഫ് എ കമ്മ്യൂണിറ്റി ഷീല്‍ഡ് കിരീട പോരാട്ടത്തില്‍ നിലവിലെ ലീഗ് ചാമ്പ്യന്മാരായ ലിവര്‍പൂളിന് കനത്ത തോല്‍വി. എഫ് എ കപ്പ് ചാമ്പ്യന്മാരായ ക്രിസ്റ്റല്‍ പാലസ് ഷീല്‍ഡ് തൂക്കി. അധിക സമയത്തും രണ്ട് വീതം ഗോളുകളുമായി ഇരുടീമുകളും സമനില പാലിച്ചപ്പോള്‍ പെനാല്‍റ്റിയിലേക്ക് നീങ്ങുകയായിരുന്നു. ഷൂട്ടൗട്ടില്‍ രണ്ടിനെതിരെ മൂന്ന് ഗോളിന് പാലസ്, ഷീല്‍ഡ് സ്വന്തം ഷെല്‍ഫിലെത്തിച്ചു.പാലസിന്റെ ഡീന്‍ ഹെന്‍ഡേഴ്‌സണ്‍ രണ്ട് പെനാല്‍റ്റികള്‍ തടഞ്ഞിട്ടതാണ് കിരീടധാരണത്തിലേക്ക് നയിച്ചത്. വെംബ്ലിയില്‍ 82,000-ലേറെ കാണികള്‍ക്ക് മുന്നില്‍ അലെക്‌സിസ് മാക് അലിസ്റ്ററിന്റെയും ഹാര്‍വി ഇലിയറ്റിന്റെയും ഷോട്ടുകളാണ് ഹെന്‍ഡേഴ്‌സണ്‍ തടഞ്ഞത്. അതേസമയം, സൂപ്പര്‍ താരം മുഹമ്മദ് സലാ ചെമ്പടയുടെ ആദ്യ ഷോട്ട് പാഴാക്കുകയും ചെയ്തു.പുതുതായി ടീമിലെത്തിയ ഹ്യൂഗോ എകിറ്റികെ നാലാം മിനുട്ടില്‍ തന്നെ ഗോള്‍ നേടി ലിവർപൂളിലെ അരങ്ങേറ്റം ഗംഭീരമാക്കി. മറ്റൊരു നവതാരം ഫ്ലോറിയന്‍ വിര്‍ട്‌സ് ആണ് അസിസ്റ്റ് ചെയ്തത്. അതേസമയം, 17ാം മിനുട്ടില്‍ ജീന്‍ ഫിലിപ് മറ്റെറ്റ പാലസിനായി സമനില നേടിക്കൊടുത്തു. നാല് മിനുട്ട് പിന്നിട്ടപ്പോഴേക്കും ജെറിമി ഫ്രിംപോങിലൂടെ ലിവര്‍പൂള്‍ മുന്നിലെത്തി. ഒന്നാം പകുതിയില്‍ ലിവര്‍പൂളായിരുന്നു മുന്നില്‍.എന്നാല്‍, 77ാം മിനുട്ടില്‍ ഇസ്‌മെയ്‌ല സറിലൂടെ ക്രിസ്റ്റല്‍ പാലസ് സമനില നേടി. ഇഞ്ചുറി സമയത്തും അധിക സമയത്തും സമനില പൊളിക്കാന്‍ ഇരു ടീമുകള്‍ക്കും കഴിയാതെ വന്നതോടെ പെനാല്‍റ്റിയിലേക്ക് കടക്കുകയായിരുന്നു. എഫ് എ കപ്പിന് ശേഷം പാലസിന്റെ മേജര്‍ ട്രോഫി കൂടിയാണിത്.