ഗായികയും സംഗീത, നാടക അക്കാദമി ഉപാധ്യക്ഷയുമായ പുഷ്പവതി പൊയ്പാടത്തിനെ അധിക്ഷേപിച്ച് നിര്‍മാതാവും ഗാനരചയിതാവുമായ ശ്രീകുമാരന്‍ തമ്പി. അടൂര്‍ സിനിമാ രംഗത്തെ വലിയ ആളാണെന്നും ദാദാ സാഹേബ് ഫാല്‍ക്കേ അവാര്‍ഡൊക്കെ കിട്ടിയതാണെന്നും ശ്രീകുമാരന്‍ തമ്പി പറഞ്ഞു. ലോകത്ത് ജീവിച്ചിരിക്കുന്ന ചലച്ചിത്രകാരന്മാരില്‍ ഏറ്റവും മുന്‍പന്തിയില്‍ നില്‍ക്കുന്ന ആളാണ് അടൂര്‍ ഗോപാലകൃഷ്ണന്‍. അദ്ദേഹം പ്രസംഗിക്കുമ്പേള്‍, ആ സ്ത്രീ ആരായാലും പ്രസംഗം തടസ്സപ്പെടുത്തുന്നത് മര്യാദകേടാണെന്ന് ശ്രീകുമാരന്‍ തമ്പി മാധ്യമങ്ങളോട് പറഞ്ഞു.
അടൂരിനെ പോലെ ഒരാള്‍ സംസാരിക്കുമ്പോള്‍ അഭിപ്രായം പറയുന്നത് അറിവില്ലായ്മയാണെന്നും ശ്രീകുമാരന്‍ തമ്പി പറഞ്ഞു. പ്രസംഗം കഴിഞ്ഞ് എതിര്‍പ്പ് ഉണ്ടെന്ന് പറയാം. അവര്‍ കാണിച്ചത് ചുമ്മാ ആളാകാനുള്ള വേലയാണ്. ഇപ്പോള്‍ എല്ലാവരും അറിഞ്ഞില്ലേ. പുഷ്പവതിയെക്കുറിച്ച് തനിക്ക് കൂടുതല്‍ ഒന്നും അറിയില്ലെന്നും ഒരിക്കല്‍ റെയില്‍വേ സ്റ്റേഷനില്‍വെച്ച് ഫോട്ടോയെടുക്കാന്‍ വന്നിരുന്നുവെന്നും ശ്രീകുമാരന്‍ തമ്പി പറഞ്ഞു. അന്ന് ബന്ധുവായ ഒരു കുട്ടിയാണ് അത് പുഷ്പവതിയാണെന്ന് പറഞ്ഞത്. ഇതാണ് തനിക്ക് പുഷ്പവതിയെക്കുറിച്ചുള്ള പരിചയം. പുഷ്പവതി സിനിമാ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ആളാണെന്ന് മാധ്യമപ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടിയപ്പോള്‍ ‘പുഷ്പവതി സിനിമാ മേഖലയിലോ’ എന്നായിരുന്നു ശ്രീകുമാരന്‍ തമ്പിയുടെ ചോദ്യം. സംഗീത, നാടക അക്കാദമിയുടെ അധ്യക്ഷയായിട്ട് കാര്യമില്ലെന്നും ശ്രീകുമാരന്‍ തമ്പി പറഞ്ഞു.
സര്‍ക്കാര്‍ ഫണ്ടുകൊണ്ട് നിര്‍മിച്ച നാല് പടങ്ങളും താന്‍ കണ്ടിരുന്നുവെന്നും ഒരു പടത്തിനായി ഒന്നരക്കോടി മുടക്കിയതായി തോന്നിയിട്ടില്ലെന്നും ശ്രീകുമാരന്‍ തമ്പി പറഞ്ഞു. പണം മോഷ്ടിച്ചോ തിരിമറി നടത്തിയോ എന്നൊന്നും പറയില്ല. 26 പടം നിര്‍മ്മിച്ച പ്രൊഡ്യൂസറാണ് താന്‍. ഒരു പടം കണ്ടാല്‍ എത്ര രൂപ മുടക്കി എന്ന് തനിക്കറിയാം. താന്‍ വഴിപോക്കനല്ലല്ലോ. സിനിമയില്‍ താന്‍ അറുപതാമത്തെ വര്‍ഷമാണ്. സഹായം കൊടുക്കരുതെന്ന് താന്‍ പറയില്ല. മൂന്ന് കോടി കൊടുക്കണം. പഠിപ്പിക്കണമെന്നാണ് പറയുന്നതെന്നും ശ്രീകുമാരന്‍ തമ്പി വ്യക്തമാക്കി.
മാധ്യമങ്ങളുടെ ചോദ്യത്തോട് എന്തും പറയാം എന്ന് താന്‍ പറഞ്ഞിട്ടില്ലല്ലോ എന്നും പഠിപ്പിക്കണം എന്ന് പറയുന്നത് തെറ്റാണോ എന്നും ശ്രീകുമാരന്‍ തമ്പി ചോദിച്ചു. സിനിമയെക്കുറിച്ച് അറിവില്ലായ്മകൊണ്ട് മാധ്യമങ്ങള്‍ ഓരോന്ന് പറയുകയാണ്. സിനിമ എന്ന് പറയുന്നത് പ്രഭാഷണമല്ല. സിനിമ നിര്‍മിക്കുന്നതിനുള്ള ഫണ്ടുമായി ബന്ധപ്പെട്ട തീരുമാനം പിണറായിയുടെ കഴിഞ്ഞ ഭരണകാലത്ത് എകെ ബാലന്‍ മന്ത്രിയായിരുന്ന സമയത്താണ് ഉണ്ടായത്. അന്ന് അടൂര്‍ ഗോപാലകൃഷ്ണനുമായി ചേര്‍ന്നാണ് ആ തീരുമാനമുണ്ടായത്. മാധ്യമങ്ങള്‍ അത് മനസിലാക്കണം. എല്ലാ വിവരങ്ങളും അറിയാതെ ഇടപെടരുത്. മീഡിയ ആണ് വിഷയം വഷളാക്കിയത്. ഈ പോക്ക് തെറ്റാണ്. പത്രക്കാരാണെന്ന് കരുതി എന്ത് പോക്രിത്തരവും കാണിക്കരുത്. തനിക്ക് തന്റെ നാവുകൊണ്ട് മാത്രമേ സംസാരിക്കാന്‍ പറ്റൂ എന്നും ശ്രീകുമാരന്‍ തമ്പി കൂട്ടിച്ചേര്‍ത്തു.