കുറ്റിപ്പുറം:കൊലപാതകവും കവര്‍ച്ചയും അടക്കം നിരവധി കേസുകളില്‍ പ്രതിയായ തൃശ്ശൂര്‍ സ്വദേശിയെ 19 വര്‍ഷത്തിന് ശേഷം പ്രത്യേക അന്വേഷണസംഘം പിടികൂടി.തൃശ്ശൂര്‍ ഒല്ലൂര്‍ സ്വദേശി പുളിക്കത്തറ വീട്ടില്‍ ജയകുമാര്‍ എന്ന ബുള്ളറ്റ് കണ്ണനെയാണ് മലപ്പുറം ജില്ലാ പോലീസ് മേധാവി ആര്‍ വിശ്വനാഥിന്റെ നിര്‍ദേശപ്രകാരം കുറ്റിപ്പുറം സിഐ നൗഫലിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തത്.2006ല്‍ കുറ്റിപ്പുറം നടക്കാവില്‍ വച്ച് എറണാംകുളം കള്ളിയത്ത് സ്റ്റീല്‍സിന്റെ കളക്ഷന്‍ ഏജന്റ് ആയിരുന്ന വളാഞ്ചേരി ആതവനാട് സ്വദേശിയായ ശിഹാബിനെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം 20 ലക്ഷം രൂപ കവര്‍ച്ച ചെയ്യാന്‍ ശ്രമം നടത്തിയ കേസില്‍ പ്രധാന പ്രതിയായ ഇയാള്‍ ജാമ്യത്തിലറങ്ങി മുങ്ങുകയായിരുന്നു.സംഭവത്തിന് ശേഷം വിവിധ ജില്ലകളില്‍ പലപേരുകളിലായി ഒളിവില്‍ കഴിഞ്ഞ് വന്ന ജയകുമാറിനെ നീണ്ട 19 വര്‍ഷത്തെ അന്വേഷണത്തിനൊടുവില്‍ ഒറ്റപ്പാലം വാണിയംകുളത്തെ താമസ സ്ഥലത്ത് നിന്നാണ് അന്വേഷണ ഉദ്ധ്യോഗസ്ഥര്‍ പിടികൂടിയത്.കുപ്രസിദ്ധ ഗുണ്ടാതലവന്‍ കോടാലി ശ്രീധരന്റെ പ്രധാന കൂട്ടുപ്രതിയായ ജയകുമാര്‍ പത്തനംതിട്ട,തൃശ്ശൂര്‍ മലപ്പുറം പാലക്കാട് ജില്ലകളിലായി സമാനമായ 40 ഓളം കസില്‍ പ്രതിയാണ്.2000 ത്തില്‍ തൃശ്ശൂര്‍ ഒല്ലൂരില്‍ വച്ച് ബസ്സില്‍ നിന്ന് സ്വര്‍ണ്ണം കവര്‍ന്ന കേസിലും,തൃശ്ശൂര്‍ ടൗണില്‍ വച്ച് വൃദ്ധയുടെ മാല കവര്‍ന്ന കേസിലും,പത്തനംതിട്ടയില്‍ സ്വര്‍ണ്ണം കവര്‍ന്ന കേസിലും പ്രതിയാണ്,2017ല്‍ ഒറ്റപ്പാലത്ത് ബാങ്ക് ഓഫ് ബറോഡയുടെ എടിഎം കവര്‍ച്ച കേസിലും ഇയാള്‍ പിടിയിലായിരുന്നു.പോലീസ് പിടികൂടാതിരിക്കാന്‍ വ്യാജ വിലാസത്തിലാണ് ഇയാള്‍ ഒറ്റപ്പാലത്ത് താമസിച്ച് വന്നിരുന്നത്.കുറ്റിപ്പുറം സിഐ നൗഫല്‍,എസ്ഐ മാരായ ഗിരീഷ്,സുധീര്‍,ഡാന്‍സാഫ് ടീമിലെ എഎസ്ഐ രാജേഷ്,എസ് സി പി ഒ മാരായ ജോണ്‍സണ്‍,ഫൈസല്‍,ഡെന്നീസ് എന്നിവരടങ്ങുന്ന പ്രത്യേക സംഘമാണ് പ്രതിയെ കണ്ടെത്തി അറസ്റ്റ് ചെയ്തത്