സമീപകാലത്ത് ഡല്‍ഹിയില്‍ വലിയ തോതില്‍ ചര്‍ച്ചയായ വിഷയമാണ് കാലപ്പഴക്കം ചെന്ന വാഹനങ്ങളുടെ നിരോധനം. 10 വര്‍ഷം പഴക്കമുള്ള ഡീസല്‍ വാഹനങ്ങളും 15 വര്‍ഷം പഴക്കമുള്ള പെട്രോള്‍ വാഹനങ്ങളും ഡല്‍ഹിയിലെ നിരത്തുകളില്‍ നിന്ന് നിരോധിക്കണമെന്ന് ദേശീയ ഹരിത ട്രൈബ്യൂണലും (എന്‍ജിടി) കാലാവധി അവസാനിക്കുന്ന വാഹനങ്ങള്‍ക്ക് ഇന്ധനം നിഷേധിക്കണമെന്ന് എയര്‍ ക്വാളിറ്റി മാനേജ്‌മെന്റ് കമ്മീഷണറും (സിഎക്യുഎം) നിര്‍ദേശിച്ചിരുന്നു. ജൂലായ് ഒന്ന് മുതല്‍ ഇന്ധനം നല്‍കുന്നത് വിലക്കിയിരുന്നെങ്കിലും പ്രതിഷേധങ്ങളെ തുടര്‍ന്ന് ഇത് മരവിപ്പിക്കുകയായിരുന്നു.എന്‍ജിടിയുടെയും സിഎക്യുഎമ്മിന്റെയും നിര്‍ദേശത്തിനെതിരേ നിലപാട് സ്വീകരിച്ചിരിക്കുകയാണ് ഡല്‍ഹി മുഖ്യമന്ത്രിയായ രേഖ ഗുപ്ത. ഒരു വാഹനം നിരോധിക്കേണ്ടത് അതിന്റെ പഴക്കം പരിഗണിച്ചല്ല. മലിനീകരണം ഉണ്ടാക്കുന്നുണ്ടോയെന്ന് നോക്കിയാണെന്നാണ് മുഖ്യമന്ത്രി അഭിപ്രായപ്പെടുന്നത്. മലിനീകരണം ഉണ്ടാക്കുന്ന വാഹനം അഞ്ച് വര്‍ഷം പഴക്കമുള്ളതാണെങ്കില്‍ പോലും നിരോധിക്കണം. അതേസമയം, മലിനീകരണം ഉണ്ടാക്കുന്നില്ലെങ്കില്‍, ഫിറ്റ്‌നെസ് പരിശോധനയെ അതിജീവിച്ചാല്‍ അത് റോഡുകളില്‍ അനുവദിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.രാജ്യത്തെ മറ്റ് സ്ഥലങ്ങള്‍ക്കും കൂടി ബാധകമായ നിയമം മാത്രം ഡല്‍ഹിയിലും മതി. രാജ്യതലസ്ഥനത്തിന് മെച്ചപ്പെട്ട പരിസ്ഥിതി ഉറപ്പാക്കാന്‍ ഈ സര്‍ക്കാര്‍ സാധിക്കുന്ന എല്ലാ നടപടികളും സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. മലിനീകരണം നിയന്ത്രിക്കാന്‍ മുന്‍ സര്‍ക്കാര്‍ യാതൊരു നടപടിയും സ്വീകരിക്കാതിരുന്നതിനാലാണ് എന്‍ജിടിയും സുപ്രീംകോടതിയും പഴയ വാഹനങ്ങളുടെ നിരോധനം ഉള്‍പ്പെടെയുള്ള മാര്‍ഗങ്ങള്‍ നിര്‍ദേശിച്ചതെന്നാണ് മുഖ്യമന്ത്രി രേഖ ഗുപ്ത കുറ്റപ്പെടുത്തിയത്.രാജ്യതലസ്ഥാനത്ത് കാലപ്പഴക്കംചെന്ന വാഹനങ്ങള്‍ വിലക്കിയതിനെതിരേ ഡല്‍ഹി സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ട്. ഡല്‍ഹി എന്‍സിആര്‍ മേഖലയില്‍ പത്തുവര്‍ഷം കഴിഞ്ഞ ഡീസല്‍ വാഹനങ്ങളും 15 വര്‍ഷത്തിലേറെ പഴക്കമുള്ള പെട്രോള്‍വാഹനങ്ങളും വിലക്കിയ ദേശീയ ഹരിത ട്രിബ്യൂണല്‍ നടപടി ശരിവെച്ച 2018-ലെ സുപ്രീംകോടതി ഉത്തരവ് പിന്‍വലിക്കണമെന്നാണ് ഡല്‍ഹി സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ നല്‍കിയിട്ടുള്ള ഹര്‍ജിയിലെ ആവശ്യം.വായുമലിനീകരണം തടയാന്‍ സമഗ്രമായ നയം ആവശ്യമാണെന്നും കാലപ്പഴക്കത്തിന്റെ പേരില്‍മാത്രം വാഹനങ്ങള്‍ വിലക്കുന്നതില്‍ അര്‍ഥമില്ലെന്നും ഡല്‍ഹിസര്‍ക്കാര്‍ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി. വാഹനങ്ങള്‍ക്ക് പുകപരിശോധനയും മറ്റും നടത്തി ശാസ്ത്രീയമാര്‍ഗത്തിലാണ് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് നല്‍കുന്നത്. കാലപ്പഴക്കത്തിനൊപ്പം മലിനീകരണത്തോതും കണക്കിലെടുത്തുള്ള സമഗ്ര പഠനം ആവശ്യമാണെന്നും സര്‍ക്കാര്‍ ഹര്‍ജിയില്‍ ആവശ്യപ്പെട്ടു. 2014 നവംബറിലായിരുന്നു വാഹനങ്ങള്‍ക്ക് കാലപ്പഴക്കം നിശ്ചയിച്ച് ഹരിത ട്രിബ്യൂണല്‍ നിരോധനമേര്‍പ്പെടുത്തിയത്. പിന്നീട് 2018-ല്‍ സുപ്രീംകോടതിയും ശരിവെച്ചു.