കൊച്ചി: ഒറ്റ ക്ലിക്കിലൂടെ ഉപ്പേരി മുതൽ കറിമസാലകൾ വരെ ഓണത്തിന് വീട്ടിലെത്തിക്കാൻ പോക്കറ്റ് മാർട്ട് ആപ്പുമായി കുടുംബശ്രീ. ഓഗസ്റ്റ് ആദ്യവാരം ആപ്പ് സജ്ജമാകും. പോക്കറ്റ് ആപ്പിലൂടെ സംസ്ഥാനതലത്തിൽ ജിഎസ്ടിയിൽ രജിസ്റ്റർ ചെയ്ത യൂണിറ്റുകളിലൂടെ ഓരോ സിഡിഎസുകൾ വഴി ഓണക്കിറ്റുകളുൾപ്പെടെ വിവിധ സാധനങ്ങൾ വീട്ടിലെത്തിക്കും. 960 രൂപയുടെ കിറ്റ് 799 രൂപയ്ക്ക് ആപ്പിൽ ലഭിക്കും. ഷിപ്പിങ് ചാർജ് പ്രത്യേകം നൽകണം. ആപ്പിന്റെ പ്രവർത്തന പരിശീലനം ഓരോ യൂണിറ്റിലും നൽകിവരുകയാണ്. 201 യൂണിറ്റുകളിൽനിന്നായി 902-ഓളം ഉത്പന്നങ്ങൾ ആപ്പിൽ ലഭ്യമാകും. അടുത്തഘട്ടത്തിൽ തുണിത്തരങ്ങൾ, സ്നാക്സ്, സൗന്ദര്യവർധക വസ്തുക്കൾ ഉൾപ്പെടെ ലഭ്യമാക്കും. കൂടാതെ അടുക്കളക്കാര്യം മുതൽ പ്രസവശുശ്രൂഷ വരെ നൽകുന്ന കെ ഫോർ കെയർ, ക്വിക് സെർവ് തുടങ്ങിയവയുടെ സേവനവും ലഭ്യമാക്കുമെന്ന് കുടുംബശ്രീ എക്സിക്യുട്ടീവ് ഡയറക്ടർ എച്ച്. ദിനേശൻ പറഞ്ഞു. ഗൂഗിൾ പ്ലേസ്റ്റോറിലൂടെ ആപ്പ് ഡൗൺലോഡ് ചെയ്ത് ആവശ്യമുള്ളവ ഓർഡർ ചെയ്യാം. ഓപ്പൺ ടു കാർട്ട് എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്താൽ പേയ്മെൻറും നൽകാം. ഓഫ്ലൈൻ സേവനങ്ങളും ലഭിക്കും.