ഇന്ത്യൻ ഫുട്ബോൾ ടീം പരിശീലകനാകുനുള്ള ബാഴ്സലോണ മുൻ മാനേജറും താരവുമായിരുന്ന സാവി ഹെർണാണ്ടസിന്റെ അപേക്ഷ തള്ളി ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ. സാവി ആവശ്യപ്പെട്ട ഭീമമായ തുക പ്രതിഫലമായി നൽകാൻ കഴിയാത്തതിനെ തുടർന്നാണ് സാവിയുടെ അപേക്ഷ തള്ളുന്നതെന്നാണ് എഐഎഫ്എഫ് പ്രതികരിച്ചു.’ഇന്ത്യൻ ഫുട്ബോൾ പരിശീലകസ്ഥാനത്തേയ്ക്കുള്ള അപേക്ഷകളിൽ സാവിയുടെ പേര് ഉണ്ടായിരുന്നു. സാവിയുടെ പേഴ്സണൽ ഇമെയിലിൽ നിന്നാണ് അപേക്ഷ ലഭിച്ചത്.’ എഐഎഫ്എഫ് നാഷണൽ ടീം ഡയറക്ടർ സുബ്രതാ പോൾ ടൈംസ് ഓഫ് ഇന്ത്യയോട് പ്രതികരിച്ചു.’സാവിക്ക് ഇന്ത്യൻ ഫുട്ബോളിനോട് ഗൗരവമായി താൽപ്പര്യം ഉണ്ടായിരുന്നിരിക്കാം. എങ്കിലും സാവി ആവശ്യപ്പെട്ട പ്രതിഫല തുക നൽകാൻ എഐഎഫ്എഫിന് കഴിയില്ല. അത് ഇന്ത്യൻ ഫുട്ബോളിന് വലിയ സാമ്പത്തിക നഷ്ടമുണ്ടാക്കും.’ എഐഎഫ്എഫ് ടെക്നിക്കൽ കമ്മറ്റി വൃത്തങ്ങൾ അറിയിച്ചു.സ്പാനിഷ് ഫുട്ബോൾ ക്ലബ് ബാഴ്സലോണയുടെ മുൻ പരിശീലകനായിരുന്നു സാവി. 122 മത്സരങ്ങളിൽ ബാഴ്സയെ പരിശീലിപ്പിച്ചതിൽ 76 മത്സരങ്ങളിൽ വിജയങ്ങൾ നേടി. ലാ ലീഗയും സ്പാനിഷ് സൂപ്പർകപ്പുമാണ് കിരീടനേട്ടങ്ങൾ. ഇതിന് മുമ്പ് ബാഴ്സലോണൻ ഫുട്ബോളിന്റെ സുവർണ തലമുറയിലെ താരങ്ങളിലൊരാളായിരുന്നു സാവി. ബ്രസീൽ ഇതിഹാസം റൊണാൾഡീഞ്ഞോ, പോർച്ചുഗീസ് താരം ഡെക്കോ തുടങ്ങിയവർ ബാഴ്സയുടെ ആദ്യ ലൈനപ്പിൽ സ്ഥാനം ഉറപ്പിച്ചിരുന്ന കാലത്താണ് സാവിയും തന്റെ കരിയർ മുന്നോട്ടുകൊണ്ടുപോയത്.2008 മുതൽ ബാഴ്സ അവരുടെ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച താരങ്ങളാൽ സമ്പന്നമായിരുന്നു. ആന്ദ്രേസ് ഇനിയസ്റ്റ, സാവി ഹെർണാണ്ടസ്, ലയണൽ മെസ്സി എന്നിവർ ഒന്നിച്ചതോടെ ബാഴ്സയിൽ പുതിയൊരു ത്രയം രൂപപ്പെട്ടു. 2009ൽ ആദ്യമായി ബാഴ്സ ട്രെബിൾ നേട്ടം സ്വന്തമാക്കി. അതേ വർഷം സ്പാനിഷ് ക്ലബ് സ്വന്തമാക്കിയത് ആറ് കിരീടങ്ങളാണ്.767 മത്സരങ്ങളിൽ ബാഴ്സ ജഴ്സിയണിഞ്ഞ സാവി 133 മത്സരങ്ങളിൽ ദേശീയ ടീമിനൊപ്പവും കളിച്ചു. 2006ലെ ലോകകപ്പിൽ പ്രീക്വാർട്ടറിൽ ഫ്രാൻസിനോട് തോറ്റ് പുറത്താകാനായിരുന്നു സ്പെയ്നിന്റെ വിധി. പിന്നാലെ സ്പാനിഷ് ടീമിൽ ചില അഴിച്ചുപണികൾ നടന്നു. ആദ്യം ആന്ദ്രേസ് ഇനിയസ്റ്റയും സാവി ഹെർണാണ്ടസും ഒന്നിച്ചു. 2008ൽ ഇകർ കസിയസിന്റെ കീഴിൽ സ്പെയിൻ ടീം യൂറോ കപ്പ് നേടി.തൊട്ടടുത്ത വർഷം സെർജിയോ ബുസ്കെറ്റസും സ്പാനിഷ് ടീമിൽ അരങ്ങേറ്റം കുറിച്ചു. പിന്നെ സാവി-ഇനിയസ്റ്റ- ബുസ്കെറ്റ്സ് കൂട്ടുകെട്ട് ഉണ്ടായി. പിന്നാലെ 2010ൽ ലോകകപ്പും 2012ൽ യൂറോ കപ്പും സ്പെയ്നിലേക്കെത്തി.മുൻ ഇന്ത്യൻ ക്യാപ്റ്റൻ ഐ.എം. വിജയൻ അധ്യക്ഷനായ ടെക്നിക്കൽ കമ്മിറ്റിയാണ് പുതിയ പരിശീലകനെ കണ്ടെത്താനുള്ള നടപടികൾക്ക് നേതൃത്വം നൽകുന്നത്. മുൻ കോച്ച് സ്റ്റീഫൻ കോൺസ്റ്റന്റൈൻ, ഖാലിദ് ജമീൽ തുടങ്ങിയ പേരുകളും എഐഎഫ്എഫിന് മുന്നിൽ ലഭിച്ചിട്ടുണ്ട്.