സൗദിയെ വ്യോമയാന ഹബ്ബാക്കി മാറ്റുന്നതിൻ്റെ ഭാഗമായി എയർ അറേബ്യയുടെ സഹകരണത്തോടെ പുതിയ ലോ കോസ്റ്റ് എയർലൈൻ ആരംഭിക്കുന്നു.
റിയാദ്: സൗദിയെ പ്രാദേശിക വ്യോമയാന ഹബ്ബായി മാറ്റുന്ന ശ്രമങ്ങളുടെ ഭാഗമായി പുതിയ ലോ കോസ്റ്റ് എയർലൈൻ പദ്ധതി . എയർ അറേബ്യ , കാൻ ഇൻവെസ്റ്റ്മെൻ്റ് ഹോൾഡിങ്, നെസ്മ ഗ്രൂപ്പ് എന്നിവയുടെ സംയുക്ത സഹകരണത്തോടെയാണ് ഈ പുതിയ ലോ കോസ്റ്റ് എയർലൈൻ പദ്ധതി. ആഭ്യന്തര അന്താരാഷ്ട്ര റൂട്ടുകളിലായി ആകെ 81 സെക്ടറുകളിലേക്ക് വിമാന സർവീസ് നടത്തും.
ദമ്മാമിലെ കിങ് ഫഹദ് അന്താരാഷ്ട്ര വിമാനത്താവളം കേന്ദ്രീകരിച്ചാണ് പുതിയ എയർലൈൻ പദ്ധതി പ്രവർത്തിക്കുക. പദ്ധതിയിലൂടെ 2400 ൽ അധികം നേരിട്ടുള്ള തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുമെന്ന് അധികൃതർ അറിയിച്ചു. അടുത്ത വർഷത്തോടെ പദ്ധതിയുടെ ആദ്യ ഘട്ട പ്രവർത്തനങ്ങൾ തുടങ്ങും. 45 വിമാനങ്ങളായിരിക്കും ആദ്യം ഉണ്ടാവുക.
24 ആഭ്യന്തര റൂട്ടുകളും 57 അന്താരാഷ്ട്ര റൂട്ടുകളും ഉൾപ്പെടുന്ന പദ്ധതിയാണ് തയ്യാറാകുന്നത്. സൗദി അറേബ്യയുടെ കിഴക്കൻ പ്രവിശ്യയിൽ എയർ കണക്റ്റിവിറ്റി കൂട്ടാനും, തൊഴിലവസരങ്ങൾ ഉണ്ടാക്കാനും, ഗതാഗത സൗകര്യങ്ങൾ മെച്ചപ്പെടുത്താനും ലക്ഷ്യമിട്ടാൺ് എയർ അറേബ്യയുടെ നേതൃത്വത്തിലുള്ള കൂട്ടായ്മയ്ക്ക് കുറഞ്ഞ ചിലവിൽ വിമാന സർവീസ് നടത്താൻ ലൈസൻസ് നൽകിയത്.
ആഭ്യന്തര, അന്തർദേശീയ റൂട്ടുകളിൽ സർവീസ് നടത്തുന്ന ലോ കോസ്റ്റ് എയർലൈൻ, രാജ്യത്തെ വിമാന ഗതാഗത മേഖലയിൽ കൂടുതൽ മത്സരങ്ങൾ കൊണ്ടുവരുമെന്നാണ് പ്രതീക്ഷിക്കുന്നത്. സൗദി വിഷൻ 2030ൻ്റെ ഭാഗമായി എണ്ണയിതര വരുമാനം വർധിപ്പിക്കാനും, പ്രാദേശിക തൊഴിലവസരങ്ങൾ സൃഷ്ടിക്കാനുമുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ഈ പദ്ധതി.