മലപ്പുറം: കാക്ക കൊത്തിക്കൊണ്ടുപോയ സ്വർണവള മൂന്ന് വർഷത്തിനുശേഷം തിരിച്ചുകിട്ടി. മലപ്പുറം മഞ്ചേരിയിലാണ് സംഭവം. സുരേഷും കുടുംബവുമാണ് എന്നെന്നേക്കുമായി നഷ്ടപ്പെട്ടെന്ന് കരുതിയ സാധനം തിരിച്ചുകിട്ടിയതിന്റെ സന്തോഷം പങ്കുവയ്ക്കുന്നത്. കൂട് അലങ്കരിക്കുന്നതുപോലെ മൂന്ന് കഷ്ണങ്ങളാക്കിയ നിലയിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു വള.മലപ്പുറം തൃക്കലങ്ങോട് പെരുമ്പലത്തിൽ ഹരിത ശരത്തിന്റെ വളയാണ് കാക്ക കൊത്തിക്കൊണ്ട് പോയത്. 2022 ഫെബ്രുവരിയിലായിരുന്നു സംഭവം. തുണിയലക്കുന്നതിനിടെ വള കല്ലിൽ ഊരിവച്ചതായിരുന്നു. ഒന്നരപ്പവനുള്ള വള ഭർത്താവ് ശരത് വിവാഹ നിശ്ചയത്തിന് അണിയിച്ചതായിരുന്നു. കാക്ക കൊണ്ടുപോയ വള വീട്ടുകാർ ദിവസങ്ങളോളം തിരഞ്ഞെങ്കിലും കണ്ടുകിട്ടിയില്ല. കഴിഞ്ഞ മാസം മാങ്ങ പറിക്കുന്നതിനായി നാട്ടുകാരനായ അൻവർ സാദത്ത് മരത്തിൽ കയറിയപ്പോഴാണ് കൂടിനുള്ളിൽ വളക്കഷ്ണങ്ങൾ ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് ഉടമയെ കണ്ടെത്തുന്നതിനായി വിവരം തൃക്കലങ്ങോട് വായനശാല സെക്രട്ടറി ഇ വി ബാബുരാജിനെ അറിയിച്ചു.തുടർന്ന് വായനശാലയിൽ ഇതുസംബന്ധിച്ച് നോട്ടീസ് പതിപ്പിച്ചു. തെളിവുസഹിതം വരുന്നവർക്ക് വള നൽകുമെന്നായിരുന്നു അറിയിപ്പ്. വിവരം ശരത്തിന്റെ അച്ഛൻ സുരേഷിന്റെ അടുക്കലെത്തി. തുടർന്ന് വള വാങ്ങിയ പെരിന്തൽമണ്ണയിലെ ജുവലറിയുടെ ബിൽ, വള അണിയിക്കുന്ന ഫോട്ടോ എന്നിവ സഹിതമെത്തി കൈപ്പറ്റുകയായിരുന്നു.