കോഴിക്കോട്: പന്തീരങ്കാവ് ബാങ്ക് കവർച്ച കേസിൽ 39 ലക്ഷം രൂപ കൂടി കണ്ടെടുത്തു. കുന്നത്തുപാലത്ത് മുഖ്യപ്രതിയുടെ വീടിനടുത്തുള്ള പറമ്പിൽ കുഴിച്ചിട്ടനിലയിലായിരുന്നു പണം. 55000 രൂപ ഇയാളിൽ നിന്ന് നേരത്തെ കണ്ടെടുത്തിരുന്നു. അഞ്ഞൂറ് രൂപയുടെ കെട്ടുകളാണ് കണ്ടെടുത്തത്. നനഞ്ഞുകുതിർന്ന്, കീറിയ നിലയിലായിരുന്നു ചില നോട്ടുകൾ.സ്വകാര്യ ബാങ്ക് ജീവനക്കാരന്റെ കൈയിൽ നിന്ന് 40 ലക്ഷം രൂപ കവർന്ന കേസിൽ പള്ളിപ്പുറം മനിയിൽപറമ്പിൽ ഷിബിൻലാലിനെ (മനു-37) പന്തീരങ്കാവ് പോലീസ് അറസ്റ്റ് ചെയ്തിരുന്നു. അറസ്റ്റിലാകുമ്പോൾ ഇയാളുടെ പക്കൽ നിന്ന് 55000 രൂപയായിരുന്നു ലഭിച്ചത്. തുടർന്ന് ഇയാളെ ചോദ്യം ചെയ്തുവരികയായിരുന്നു. ദിവസങ്ങൾ നീണ്ട ചോദ്യംചെയ്യലിൽ പണം കുഴിച്ചിട്ടതായി പ്രതി സമ്മതിക്കുകയായിരുന്നു. ഒരുമാസവും രണ്ടുദിവസവും കഴിഞ്ഞാണ് പോലീസ് പണം കണ്ടെത്തുന്നത്. കണ്ടെടുത്ത പണം പോലീസ് പണം എണ്ണിത്തിട്ടപ്പെടുത്തി.പന്തീരങ്കാവ് മണക്കടവ് റോഡിലെ ബാങ്കിൽ പണയംവെച്ച സ്വർണം മാറ്റിവെക്കാനെന്ന കള്ളക്കഥയുണ്ടാക്കിയായിരുന്നു കവർച്ച നടത്തിയത്. രാമനാട്ടുകരയിലെ ഇസാഫ് ബാങ്കിലെത്തി 40 ലക്ഷം രൂപ ആവശ്യപ്പെടുകയും ഇതേത്തുടർന്ന് ഷിബിൻലാലിന്റെ വിശദവിവരങ്ങൾ അന്വേഷിച്ചറിഞ്ഞ ശേഷം ഇസാഫ് ബാങ്ക് ജീവനക്കാർ പണവുമായി സ്വർണം പണയംവെച്ച ബാങ്കിലേയ്ക്ക് എത്തി. പണവുമായി ജീവനക്കാരൻ അരവിന്ദൻ പന്തീരങ്കാവിലെ ബാങ്കിലേക്ക് നടക്കുന്നതിനിടെ കൈവശമുള്ള പണമടങ്ങുന്ന ബാഗ് തട്ടിയെടുത്ത് പ്രതി സ്കൂട്ടറിൽ രക്ഷപ്പെടുകയായിരുന്നു.