കേരള സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷന്റെ (കെഎസ്ആർടിസി) പഴയ ഡീസൽ ബസുകൾ ട്രാൻസ്പോർട്ട് യൂട്ടിലിറ്റിയുടെ സംയുക്ത പദ്ധതിയിൽ ഉൾപ്പെടുത്തി ഇലക്ട്രിക് ബസുകളാക്കി മാറ്റും. ബസ് സ്റ്റേഷനുകളിലെ സ്റ്റോപ്പ് ഓവറുകളിൽ പാന്റോഗ്രാഫ് ചാർജിംഗ് സംവിധാനങ്ങൾ ഉപയോഗിച്ച് 10 മുതൽ 20 മിനിറ്റിനുള്ളിൽ ചാർജ് ചെയ്യാൻ കഴിയുന്ന ലിഥിയം-ടൈറ്റാനിയം-ഓക്സൈഡ് (LTO) ബാറ്ററികൾ ബസുകളിൽ ഘടിപ്പിക്കുമെന്നതാണ് ഈ സംരംഭത്തിന്റെ പ്രത്യേകത. പാന്റോഗ്രാഫ് ഉപയോഗിച്ച് ഓവർഹെഡ് ചാർജിംഗ് സാധ്യമാക്കുന്ന മേൽക്കൂര ചാർജിംഗ് റിസീവറുകൾ ബസുകളിൽ സജ്ജീകരിക്കും.അഞ്ച് വർഷത്തിലധികം പഴക്കമുള്ള കെഎസ്ആർടിസി ബസുകളുടെ എഞ്ചിനുകൾ, ഗിയർബോക്സ്, ട്രാൻസ്മിഷൻ സംവിധാനങ്ങൾ ബാറ്ററി, ബാറ്ററി മാനേജ്മെന്റ് സിസ്റ്റം (ബിഎംഎസ്), മോട്ടോർ കൺട്രോൾ യൂണിറ്റ് (എംസിയു) എന്നിവ ഉപയോഗിച്ച് മാറ്റിസ്ഥാപിക്കുന്നതാണ് പദ്ധതി.പൈലറ്റ് പ്രോജക്ടിന്റെ ഭാഗമായി, മൂന്ന് ബസുകൾ 200 kW പെർമനന്റ് മാഗ്നറ്റ് സിൻക്രണസ് മോട്ടോറും (PMSM) 100 മുതൽ 150 kWh LTO ബാറ്ററിയും അടങ്ങുന്ന പവർ ട്രെയിൻ സംവിധാനത്തിലേക്ക് പരിവർത്തനം ചെയ്യും.പ്രാരംഭ ഘട്ടത്തിൽ, തിരുവനന്തപുരം-എറണാകുളം റൂട്ടിലും, തിരുവനന്തപുരം-കൊട്ടാരക്കര റൂട്ടിലും ബസുകൾ സർവീസ് നടത്തും. കായംകുളം പോലുള്ള റൂട്ടിലെ തിരഞ്ഞെടുത്ത ബസ് സ്റ്റേഷനുകളിലാണ് പാന്റോഗ്രാഫ് ചാർജിംഗ് സൗകര്യം സ്ഥാപിക്കുക.ഇലക്ട്രിക് വാഹനങ്ങളിൽ സാധാരണയായി ഉപയോഗിക്കുന്ന ലിഥിയം ഫെറോ-ഫോസ്ഫേറ്റ് (LFP) ബാറ്ററികൾ പൂർണ്ണമായി ചാർജ് ചെയ്യാൻ ഒന്ന് മുതൽ നാല് മണിക്കൂർ വരെ എടുക്കും. 40 മുതൽ 60 ലക്ഷം രൂപവരെയാണ് ചെലവ്. ഇത് ലാഭകരമാകുമോ എന്ന ചോദ്യവുമുണ്ട്.