ചങ്ങരംകുളം:മദ്യ വിമോചന മഹാസഖ്യം ഒന്നാം സംസ്ഥാന സമ്മേളനം ശനിയാഴ്‌ച വെളിയങ്കോട് ഉമരി ഇംഗ്ലീഷ് സ്‌കൂൾ ഓഡിറ്റോറിയത്തിൽ നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.മദ്യനിരോധനം കേരളത്തിൽ നടപ്പാക്കിയ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ സ്മരാണാർഥം മദ്യ വിമോചന മഹാസഖ്യം മദ്യ വിമോചനത്തിനുവേണ്ടി നിലപാട് സ്വീകരിച്ച രാഷ്‌ട്രീയ നേതാവിനുള്ള പ്രഥമ ഉമ്മൻചാണ്ടി സ്‌മാരക പുരസ്‌കാരം മുസ്‌ലിം ലീഗ് അഖിലേന്ത്യാ ഓർഗനൈസിങ് സെക്രട്ടറി ഇ.ടി. മുഹമ്മദ് ബഷീർ എംപിക്ക് സമര്‍പ്പിക്കും. ജൂലായ് 12ന് ശനിയാഴ്‌ച രാവിലെ പത്തിന് മദ്യ വിമോചന മഹാസഖ്യം ഒന്നാം സംസ്ഥാന സമ്മേളനവും പ്രഥമ ഉമ്മൻചാണ്ടി സ്‌മാരക പുരസ്‌കാര സമർപ്പണവും കോൺഗ്രസ് നേതാവ് കെ. മുരളീധരൻ ഉദ്‌ഘാടനം ചെയ്യും.എംഎൽഎമാരായ മോൻസ് ജോസഫ്, അനൂപ് ജേക്കബ്,കുറുക്കോളി മൊയ്‌തീൻ, ചാണ്ടി ഉമ്മൻ തുടങ്ങിയ പ്രമുഖർ പങ്കെടുക്കും. സംസ്ഥാനത്തെ വിവിധ ജില്ലയിൽനിന്നായി സമ്മേളനത്തിൽ പങ്കെടുക്കാനെത്തുന്നവരെ സ്വീകരിക്കുന്നതിന് വിപുലമായ ഒരുക്കങ്ങളോടെ വെളിയങ്കോട് ഒരുങ്ങിയതായി ഭാരവാഹികൾ അറിയിച്ചു.വാർത്താസമ്മേളനത്തിൽ മദ്യ വിമോചന മഹാസഖ്യം സംസ്ഥാന പ്രസിഡന്റ് ഇ.എ. ജോസഫ്, സെക്രട്ടറി ഖമറുദ്ദീൻ വെളിയങ്കോട്, ഖജാൻജി അബ്ദുൽറഷീദ്, സ്വാഗതസംഘം ചെയർമാൻ ഷാജി കാളിയത്തേൽ എന്നിവർ പങ്കെടുത്തു.