കൊച്ചി: കപ്പൽ അപകടത്തിൽ സംസ്ഥാന സർക്കാർ ചോദിച്ച അത്രയും നഷ്ടപരിഹാരം നൽകാനാകില്ലെന്ന് എം എസ് സി എൽസ – 3 കപ്പൽ കമ്പനി. കോടതിയിലാണ് കമ്പനി ഇക്കാര്യം അറിയിച്ചിരിക്കുന്നത്. 9,531 കോടി രൂപയാണ് സംസ്ഥാന സർക്കാർ ആവശ്യപ്പെട്ടിരിക്കുന്നത്. ഇത് വളരെ വലിയ തുകയാണെന്ന് കമ്പനി അഭിഭാഷകൻ പറഞ്ഞു. ഇതോടെ നഷ്ടപരിഹാരമായി എത്ര പണം കെട്ടിവയ്ക്കാനാകുമെന്നും കോടതി ചോദിച്ചിട്ടുണ്ട്. ഹർജി പരിഗണിക്കുന്നത് അടുത്തമാസം ആറിലേക്ക് മാറ്റി. പരിസ്ഥിതി, സാമ്പത്തിക മേഖലയിൽ ഈ അപകടം സൃഷ്ടിച്ച കൊടിയ നഷ്ടം പരിഗണിച്ച് 9,531 കോടി രൂപ നഷ്ടപരിഹാരമായി നൽകണമെന്നായിരുന്നു സംസ്ഥാന സർക്കാർ ആവശ്യപ്പെട്ടിരുന്നത്. കഴിഞ്ഞ ദിവസം സർക്കാർ ഫയൽ ചെയ്ത അഡ്‌മിറാലിറ്റി സ്യൂട്ട് പരിഗണിച്ച ജസ്റ്റിസ് അബ്ദുൾ ഹക്കിം വിഴിഞ്ഞത്ത് നങ്കൂരമിട്ടിരിക്കുന്ന ഇതേ കമ്പനിയുടെ അകിറ്റേറ്റ – 2 എന്ന കപ്പലിന്റെ നീക്കം തടഞ്ഞിരുന്നു. നഷ്ടപരിഹാരം സംബന്ധിച്ച് തീരുമാനമായതിനു ശേഷം കപ്പൽ വിട്ടയച്ചാൽ മതിയെന്നാണ് ഉത്തരവ്. ഹർജിയിൽ തീർപ്പാകുന്നതുവരെ ആറ് ശതമാനം പലിശ സഹിതം ഇടക്കാല സഹായം അനുവദിക്കണമെന്നും സർക്കാർ ആവശ്യപ്പെട്ടിരുന്നു. നഷ്ടപരിഹാര കേസിൽ അന്തിമ തീർപ്പ് വൈകാനിടയുണ്ടെന്നത് കണക്കാക്കിയാണ് ഇടക്കാല സഹായം സർക്കാർ ആവശ്യപ്പെട്ടിരിക്കുന്നത്. കപ്പൽ മുങ്ങുന്നത് തടയാനുള്ള വിവിധ ശ്രമങ്ങൾ സംസ്ഥാന, കേന്ദ്ര സർക്കാരുകളുടെ വകുപ്പുകൾ നടത്തിയിരുന്നെങ്കിലും വിഫലമാവുകയാണുണ്ടായത്. കൊച്ചി തീരത്തുനിന്ന് 38 നോട്ടിക്കൽ മൈൽ അകലെ ചരിഞ്ഞ കപ്പൽ അറബിക്കടലിൽ പൂർണമായി മുങ്ങുകയും കപ്പലിൽ അവശേഷിച്ചിരുന്ന കണ്ടെയ്‌നറുകൾ കടലിൽ പതിക്കുകയുമാണ് ഉണ്ടായത്. കപ്പലിൽ നിന്ന് ഇന്ധനം കടലിൽ കലരുന്നത് തടയാൻ കോസ്റ്റ് ഗാർഡിന്റെ, ഇതിനായുള്ള പ്രത്യേക സംവിധാനങ്ങളുള്ള കപ്പൽ പല നടപടികളും സ്വീകരിച്ചിരുന്നു. ഫ്ളോട്ടിംഗ് പൈപ്പ് വല പോലെ വിരിച്ച് ബ്ളോക്ക് ചെയ്യുക, പ്രത്യേക രാസവസ്തു വെള്ളത്തിൽ കലർത്തി ഇന്ധനത്തിന്റെ ഒഴുക്ക് തടയുക തുടങ്ങിയ നടപടികളാണ് സ്വീകരിച്ചത്. കടലിൽ ഇന്ധനം കലരുന്നത് കടലിലെ ജീവികളുടെ ആ പ്രത്യേക മേഖലയിലുള്ള ആവാസ വ്യവസ്ഥ തന്നെ ഇല്ലാതാക്കാൻ പോന്നതാണ്. കടലിൽ ഒഴുകിനടന്ന കണ്ടെയ്‌നറുകൾ ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം തുടങ്ങിയ ജില്ലകളിലെ തീരങ്ങളിൽ തുറന്ന നിലയിലും മറ്റും അടിച്ചുകയറിയത് തീരപ്രദേശത്തെ ജനങ്ങളെയൊന്നാകെ ആശങ്കയിലാഴ്‌ത്തുകയും ആഴ്ചകളോളം അവരുടെ ഉപജീവനമായ മത്സ്യബന്ധനത്തിന് തടസം സൃഷ്ടിക്കുകയും ചെയ്തിരുന്നു. കണ്ടെയ്‌നറുകളിൽ നിന്ന് തീരത്ത് അടിച്ചുകയറിയ പ്ളാസ്റ്റിക് തരികൾ സൃഷ്ടിച്ച പരിസ്ഥിതിനാശം ചെറുതല്ല.