ഫിഫ ക്ലബ് വേൾഡ് കപ്പിലെ ആവേശകരമായ പ്രീ ക്വാർട്ടർ ഫൈനൽ മത്സരത്തിൽ യുവന്റസിനെ എതിരില്ലാത്ത ഒരു ഗോളിന് വീഴ്ത്തി റയൽ മാഡ്രിഡ്. 54-ാം മിനിറ്റിൽ ഗോൺസാലോ ഗ്വാർസിയയാണ് സ്പാനിഷ് വമ്പൻമാർക്ക് വേണ്ടി വലകുലുക്കിയത്.മത്സരത്തിന്റെ തുടക്കത്തിൽ യുവന്റസ് മുന്നേറ്റങ്ങൾ നടത്തിയെങ്കിലും പിന്നീടങ്ങോട്ട് റയലിന്റെ സമ്പൂർണ ആധിപത്യമായിരുന്നു. റയലിന്റെ 21 ഷോട്ടുകളിൽ 11 എണ്ണം ഓൺ ടാർഗറ്റ് ലക്ഷ്യമായി പാഞ്ഞപ്പോൾ യുവന്റസിന്റെ ആറ് ഷോട്ടുകളിൽ രണ്ടെണ്ണം മാത്രമാണ് ഓൺ ടാർഗറ്റായത്.കളിയുടെ രണ്ടാം പകുതിയിൽ സൂപ്പർ താരം എംബാപ്പെ പകരക്കാരനായി കളത്തിലിറങ്ങി. പരിക്കുമൂലം കഴിഞ്ഞ മത്സരങ്ങൾ താരത്തിന് നഷ്ടമായിരുന്നു. ക്വാർട്ടർ ഫൈനൽ പോരിൽ ഇന്ന് നടക്കുന്ന ബൊറൂസിയ ഡോർട്മുണ്ട്-മോണ്ടെറി മത്സരത്തിലെ വിജയികളെയാകും റയൽ നേരിടേണ്ടി വരിക.