രാജ്യത്ത് ഉയർന്നുവരുന്ന ഹൃദയാഘാത മരണങ്ങളും കോവിഡ് വാക്സിനേഷനും തമ്മിൽ ബന്ധമില്ലെന്ന് വ്യക്തമാക്കി കേന്ദ്ര ആരോഗ്യമന്ത്രാലയം. ഐസിഎംആറിന്റെയും( Indian Council of Medical Research ) എൻസിഡിസിയുടെയും(National Centre for Disease Control) പഠനത്തിന്റെ അടിസ്ഥാനത്തിലാണ് കോവിഡ് വാക്സിനും ഹൃദയാഘാതവും തമ്മിൽ നേരിട്ട് ബന്ധമില്ലെന്ന് കണ്ടെത്തിയത്. രാജ്യത്തെ ഹൃദയാഘാത മരണങ്ങളുടെ വർധനവിൽ വിവിധ ഏജൻസികളിലൂടെ അന്വേഷണം നടത്തിവരികയാണെന്നും ആരോഗ്യമന്ത്രാലയം പുറത്തുവിട്ട പത്രക്കുറിപ്പിൽ വ്യക്തമാക്കി.രാജ്യത്ത് വിതരണം ചെയ്ത കോവിഡ് വാക്‌സിനുകള്‍ സുരക്ഷിതവും ഫലപ്രദവുമാണെന്ന് ഐസിഎംആർ-എൻസിഡിസി പഠനങ്ങൾ പറയുന്നു. ഗുരുതരമായ പാർശ്വഫലങ്ങൾക്കുള്ള സാധ്യത അത്യപൂർവം ആണ്. പെട്ടെന്നുള്ള ഹൃദയസ്തംഭനങ്ങൾക്ക് പിന്നിൽ ജനിതകപരമായ ഘടകങ്ങൾ, ജീവിതരീതി, നേരത്തേയുള്ള രോഗാവസ്ഥകൾ, കോവിഡാനന്തര സങ്കീർണതകൾ തുടങ്ങിയവ കാരണമായിട്ടുണ്ടാവാമെന്നും പഠനത്തിലുണ്ട്.പതിനെട്ടിനും നാൽപത്തിയഞ്ചിനും ഇടയിൽ പ്രായമുള്ളവരിലെ പെട്ടെന്നുള്ള അകാരണമായ മരണങ്ങളേക്കുറിച്ച് ഐസിഎംആറും എൻസിഡിസിയും പഠനം നടത്തുന്നുണ്ട്. ഐസിഎംആർ നടത്തിയ ആദ്യപഠനത്തിൽ 2021 ഒക്ടോബർ മുതൽ 2023 മാർച്ച് വരെയുള്ള കാലയളവിൽ പെട്ടെന്ന് മരണത്തിനിരയായവരെ കേന്ദ്രീകരിച്ചാണ് വിലയിരുത്തൽ നടത്തിയത്. തുടർന്ന് കോവിഡ് വാക്സിനേഷനല്ല ആ മരണങ്ങൾക്ക് കാരണമെന്നും കണ്ടെത്തി.യുവാക്കളിലെ പെട്ടെന്നുള്ള മരണങ്ങൾക്ക് പിന്നിലെ കാരണത്തേക്കുറിച്ചാണ് ഐസിഎംആറും ന്യൂഡൽഹി എയിംസും ചേർന്ന് പഠനം നടത്തിയത്. ഹൃദയാഘാതവും മയോർഡിയാൽ ഇൻഫാർക്ഷനുമാണ് ഈ വിഭാഗങ്ങൾക്കിടയിലെ പെട്ടെന്നുള്ള മരണങ്ങൾക്കുള്ള പ്രധാന കാരണങ്ങളെന്ന് കണ്ടെത്തി. ജനിതകഘടകങ്ങളും കാരണമായിട്ടുണ്ടെന്ന് വിലയിരുത്തലുണ്ട്. പഠനം പൂർത്തിയായതിനുശേഷം മാത്രമേ അവസാനഘട്ട വിലയിരുത്തലുകൾ പുറത്തുവരികയുള്ളൂ.കോവിഡ് വാക്സിനേഷനല്ല മറിച്ച് നേരത്തേയുള്ള ആരോഗ്യപ്രശ്നങ്ങളും ഉദാസീനമായ ജീവിതരീതിയും ജനിതക ഘടകങ്ങളും യുവാക്കളിലെ പെട്ടെന്നുള്ള മരണങ്ങൾക്ക് പിന്നിലെ പ്രധാന കാരണമാണെന്ന് ഇരുപഠനങ്ങളും പറയുന്നുണ്ട്. പൗരന്മാരുടെ ക്ഷേമം സംരക്ഷിക്കുന്നതിനായി തെളിവുകൾ അടിസ്ഥാനമാക്കിയുള്ള പൊതുജനാരോഗ്യ സംരക്ഷണത്തിന് ഇന്ത്യാ ഗവൺമെന്റ് പ്രതിജ്ഞാബദ്ധരാണെന്നും ആരോഗ്യമമന്ത്രാലയം പുറത്തുവിട്ട പത്രക്കുറിപ്പിലുണ്ട്.