ഇഒഎസ്-09 ഭൗമനിരീക്ഷണ ഉപഗ്രഹവുമായുള്ള പിഎസ്എൽവി സി-61 വിക്ഷേപണം പരാജയം . ഞായറാഴ്ച രാവിലെ 5.59-ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പെയ്സ് സെന്ററിൽനിന്ന് ഇഒഎസ്-09 ഭൗമനിരീക്ഷണ ഉപഗ്രഹവുമായി പിഎസ്എൽവി സി-61 കുതിച്ചുയർന്നെങ്കിലും ദൗത്യം ലക്ഷ്യം കണ്ടില്ലെന്ന് ഐഎസ്ആർഒ ചെയർമാൻ ഡോ. വി. നാരായണൻ അറിയിച്ചു. വിക്ഷേപണശേഷമുള്ള മൂന്നാംഘട്ടത്തിലാണ് പ്രശ്നങ്ങൾ നേരിട്ടതെന്നും അദ്ദേഹം പറഞ്ഞു
ഏതു കാലാവസ്ഥയിലും രാപകൽഭേദമില്ലാതെ ഭൗമോപരിതലത്തിന്റെ വ്യക്തതയാർന്ന ചിത്രങ്ങൾ പകർത്താൻ ശേഷിയുള്ള ഇന്ത്യയുടെ ഭൗമനിരീക്ഷണ ഉപഗ്രഹമാണ് ഇഒഎസ്-09. പോളാർ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിൾ (പിഎസ്എൽവി) ആണ് ഉപഗ്രഹത്തെ ഭ്രമണപഥത്തിൽ എത്തിക്കാൻ ഉപയോഗിച്ചിരുന്നത്
വിക്ഷേപിച്ച് 18 മിനിറ്റിനുള്ളിൽ പിഎസ്എൽവി സി-61 ഉപഗ്രഹത്തെ ഭ്രമണപഥത്തിലെത്തിക്കുമെന്നായിരുന്നു കണക്കുക്കൂട്ടൽ. ഐഎസ്ആർഒയുടെ 101-ാമത്തെ വിക്ഷേപണമായിരുന്നു ഇത്. 22 മണിക്കൂർ നീളുന്ന കൗണ്ട്ഡൗൺ ശനിയാഴ്ച രാവിലെ മുതൽ ആരംഭിച്ചിരുന്നു.
1,710 കിലോഗ്രാം ഭാരമുള്ളതാണ് ഇഒഎസ്-09 വിജയകരമായി ഭ്രമണപഥത്തിലെത്തിയിരുന്നെങ്കിൽ ദേശസുരക്ഷ, ദുരന്തനിവാരണം, കൃഷി, വനം, നഗരാസൂത്രണം എന്നിവയുൾപ്പെടെയുള്ള വിവിധ ആവശ്യങ്ങൾക്ക് ഉപഗ്രഹത്തിൽനിന്ന് ലഭിക്കുന്ന വിവരങ്ങൾ നിർണായകമാകുമായിരുന്നു. പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ രാജ്യത്തിന്റെ അതിർത്തികൾ സൂക്ഷ്മമായി നിരീക്ഷിക്കുന്ന ശക്തമായ ഉപഗ്രഹമായി മാറാൻ ഇഒഎസ്-09ന് കഴിയുമായിരുന്നു.
റഡാർ ഉപയോഗിച്ച് ഭൗമനിരീക്ഷണം നടത്തുന്ന റഡാർ ഇമേജിങ് സാറ്റലൈറ്റ് (റിസാറ്റ്)ശ്രേണിയിൽപ്പെട്ട ഇഒഎസ്-09-ന് നേരത്തെ റിസാറ്റ് 1ബി എന്നായിരുന്നു പേരിട്ടിരുന്നത്. പിഎസ്എൽവിയുടെ 63-ാമത്തെ വിക്ഷേപണദൗത്യം കൂടിയാണിത്







