ശക്തമായ വേനല്‍ മഴയും കൂടുതല്‍ ഉപഭോക്താക്കള്‍ സോളാറിലേക്ക് തിരിഞ്ഞതും സംസ്ഥാനത്തെ വൈദ്യുതി ഉപയോഗം കുത്തനെ കുറച്ചു.കഴിഞ്ഞ വർഷം ഇതേ ദിവസം 11.6 കോടി യൂനിറ്റാണ് സംസ്ഥാനത്ത് ഉപയോഗിച്ചതെങ്കില്‍ ഇന്നലത്തെ ഉപയോഗം 9.3 കോടി യൂനിറ്റായിരുന്നു. 2024 മാർച്ച് 13 മുതല്‍ 10 കോടി യൂനിറ്റിന് മുകളിലെത്തിയ വൈദ്യുതി ഉപയോഗം പിന്നീടിങ്ങോട്ട് ഒന്നര മാസം അവധി ദിവസങ്ങളില്‍ മാത്രമാണ് താഴേക്ക് പോയത്. എന്നാല്‍ ഇക്കുറി ഏതാനും ദിവസങ്ങള്‍ മാത്രമാണ് 10 കോടി യൂനിറ്റിന് മുകളില്‍ ഉപയോഗം എത്തിയത്.
കഴിഞ്ഞ ഏപ്രില്‍ 22 ന് രേഖപ്പെടുത്തിയ 10.28 കോടി യൂനിറ്റാണ് ഈ വർഷത്തെ റെക്കോഡ്. 4841 മെഗാവാട്ടായിരുന്നു ഇന്നലത്തെ ഉയർന്ന പീക്ക് ലോഡ് ഡിമാന്റെങ്കില്‍ കഴിഞ്ഞ വർഷം ഇതേ ദിവസത്തെ പീക്ക് ലോഡ് ഡിമാന്റ് 5854 മെഗാവാട്ടായിരുന്നു. ഇന്നലെ 6.7 കോടി യൂനിറ്റ് വൈദ്യുതി പുറത്തുനിന്നും എത്തിച്ചപ്പോള്‍ 2.59 കോടി യൂനിറ്റായിരുന്നു ആഭ്യന്തര ഉല്‍പാദനം.
പ്രതിമാസം 250 യൂനിറ്റിലധികം വൈദ്യുതി ഉപയോഗമുള്ളവർക്ക് വൈകീട്ട് ആറ് മണിക്ക് ശേഷമുള്ള പീക്ക് മണിക്കൂറുകളില്‍ 25 ശതമാനം അധിക നിരക്ക് ബാധകമാക്കിയതിനാല്‍ ഉപഭോക്താക്കള്‍ ജാഗ്രത പുലർത്താൻ ഇടയാക്കിയതായാണ് കെ.എസ്.ഇ.ബി വിലയിരുത്തല്‍. സംസ്ഥാനത്ത് ഇക്കുറി 36 ശതമാനം അധികം വേനല്‍ മഴയാണ് ലഭിച്ചിരിക്കുന്നത്. മാർച്ച് ഒന്നു മുതല്‍ ഇന്നലെ വരെ 213.9 മി.മീ മഴയാണ് കിട്ടിയത്. ഇക്കാലയളവില്‍ ലഭിക്കേണ്ട സാധാരണ മഴ 157.1 മി.മീറ്ററാണ്. കണ്ണൂരില്‍ 128 ശതമാനം അധിക മഴയാണ് ലഭിച്ചത്. കോട്ടയത്ത് 81 ശതമാനവും തിരുവനന്തപുരത്ത് 73 ശതമാനവും അധിക മഴ ലഭിച്ചു.
ജലവർഷം അവസാനിക്കാൻ 28 ദിനങ്ങള്‍ അവശേഷിക്കെ സംസ്ഥാനത്തെ ജലസംഭരണികളില്‍ എല്ലാം കൂടി 37 ശതമാനം വെള്ളം നിലവിലുണ്ട്. 1517.614 ദശലക്ഷം യൂനിറ്റ് വൈദ്യുതി ഉല്‍പാദിപ്പിക്കാനുള്ള വെള്ളമാണ് ഉള്ളത്. കഴിഞ്ഞ വർഷം ഇതേദിവസം സംഭരണശേഷിയുടെ 32 ശതമാനം വെള്ളമാണ് ഉണ്ടായിരുന്നത്.