കോട്ടയം: ആഭിചാരക്രിയ നടത്തി നവവധുവിനെ മണിക്കൂറുകളോളം മാനസികവും ശാരീരികവുമായി പീഡിപ്പിച്ച കേസിൽ ഭർത്താവും ഭർതൃപിതാവും അടക്കം മൂന്ന് പേർ അറസ്റ്റിൽ. തിരുവല്ലയ്ക്കുസമീപം പെരുംതുരുത്തി ഭാഗത്ത് പന്നിക്കുഴി മാടാച്ചിറ വീട്ടിൽ ശിവദാസ് (54), യുവതിയുടെ ഭർത്താവായ മണർകാട് തിരുവഞ്ചൂർ കൊരട്ടിക്കുന്നേൽ അഖിൽദാസ് (26), ഇയാളുടെ പിതാവ് ദാസ് (55) എന്നിവരെയാണ് വെള്ളിയാഴ്ച മണർകാട് പോലീസ് അറസ്റ്റുചെയ്തത്. പ്രണയിച്ച് വിവാഹം കഴിച്ചവരാണ് യുവാവും യുവതിയും. ഭർത്താവിന്റെ വീട്ടിൽ കഴിഞ്ഞുവരവേയാണ് സംഭവം. യുവതിയുടെ ശരീരത്തിൽ മരിച്ചുപോയ ബന്ധുക്കളുടെ ദുരാത്മാക്കൾ കൂടിയിട്ടുണ്ടെന്ന് യുവാവിന്റെ അമ്മ പറഞ്ഞതനുസരിച്ച് തിരുവല്ല മുത്തൂർ സ്വദേശി ശിവൻ തിരുമേനി എന്ന് വിളിക്കുന്ന ശിവദാസ് കഴിഞ്ഞ ഞായറാഴ്ച ഇവരുടെ വീട്ടിലെത്തി. രാവിലെ 11 മുതൽ രാത്രി ഒൻപതുമണിവരെ നീണ്ട ആഭിചാരക്രിയകളാണ് നടത്തിയത്. ഇതിനിടെ യുവതിക്ക് മദ്യംനൽകിയശേഷം ബലമായി ബീഡിവലിപ്പിക്കുകയും ഭസ്മം തീറ്റിക്കുകയും ശരീരത്തിൽ പൊള്ളൽ ഏൽപ്പിക്കുകയുംചെയ്തു. യുവതിയുടെ മാനസികനില തകരാറിലായതിനെ തുടർന്ന് ഇവരുടെ അച്ഛൻ പോലീസ് സ്റ്റേഷനിൽ പരാതി നൽകി. ഇതിന്റെ അടിസ്ഥാനത്തിൽ മണർകാട് പോലീസ് കേസെടുത്ത് അന്വേഷണം നടത്തുകയായിരുന്നു. യുവാവിന്റെ അമ്മ ഒളിവിലാണ്. മണർകാട് എസ്എച്ച്ഒ അനിൽ ജോർജ്, എസ്ഐ ആഷ് ടി.ചാക്കോ, രാധാകൃഷ്ണൻ, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ അനൂപ്, വിജേഷ്, സുബിൻ പി.സജി എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ അറസ്റ്റുചെയ്തത്. കോട്ടയം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട്-3 എസ്. അനന്തകൃഷ്ണൻ മുൻപാകെ ഹാജരാക്കിയ പ്രതികളെ റിമാൻഡുചെയ്തു.









