പഞ്ചാബ് കിംഗ്‌സ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ഐപിഎല്‍ മത്സരം മഴ കാരണം ഉപേക്ഷിച്ചു. 202 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന കെകെആര്‍ ഇന്നിംഗ്‌സ് ആരംഭിച്ച് കൃത്യം ഒരു ഓവര്‍ പൂര്‍ത്തിയായപ്പോള്‍ മഴ എത്തുകയായിരുന്നു. വിക്കറ്റ് നഷ്ടപ്പെടാതെ ഏഴ് റണ്‍സ് എന്ന നിലയിലായിരുന്നു ഈ സമയത്ത് കൊല്‍ക്കത്ത. സുനില്‍ നരെയ്ന്‍ 4*(3), റഹ്‌മാനുള്ള ഗുര്‍ബാസ് 1*(3) എന്നിവരായിരുന്നു ക്രീസില്‍. ഇരുടീമുകളും ഓരോ പോയിന്റ് വീതം പങ്കിട്ടു.നേരത്തെ ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് കിംഗ്‌സ് നിശ്ചിത 20 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 201 റണ്‍സാണ് നേടിയത്. ഓപ്പണര്‍മാരായ പ്രഭ്സിംറാന്‍ സിംഗ്, പ്രിയാന്‍ഷ് ആര്യ എന്നിവരുടെ അര്‍ദ്ധ സെഞ്ച്വറികളുടെ മികവിലാണ് പഞ്ചാബ് കിംഗ്സിന് മികച്ച സ്‌കോര്‍ പടുത്തുയര്‍ത്തിയത്. എന്നാല്‍ ആദ്യത്തെ 14.3 ഓവറില്‍ 160 റണ്‍സെടുത്ത പഞ്ചാബിന് അവസാന 27 പന്തുകളില്‍ വെറും 41 റണ്‍സ് മാത്രമാണ് ശ്രേയസ് അയ്യരുടെ ടീമിന് നേടാനായത്.
11.5 ഓവറില്‍ 120 റണ്‍സാണ് ഓപ്പണര്‍മാര്‍ സ്‌കോര്‍ബോര്‍ഡില്‍ കുറിച്ചത്. 35 പന്തുകളില്‍ നിന്ന് നാല് സിക്സും എട്ട് ഫോറും സഹിതം 69 റണ്‍സ് നേടിയ പ്രിയാന്‍ഷ് ആര്യയാണ് ആദ്യം പുറത്തായത്. 49 പന്തുകളില്‍ നിന്ന് ആറ് വീതം ഫോറുകളും സിക്സറുകളും നേടി പ്രഭ്സിംറാന്‍ സിംഗ് 83 റണ്‍സ് നേടിയാണ് പുറത്തായത്. ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ 25(16) റണ്‍സ് നേടി പുറത്താകാതെ നിന്നപ്പോള്‍ മോശം ഫോം തുടരുന്ന ഗ്ലെന്‍ മാക്സ്വെല്‍ എട്ട് പന്തുകളില്‍ നിന്ന് ഏഴ് റണ്‍സ് മാത്രം നേടി മടങ്ങി. മാര്‍ക്കോ യാന്‍സനും 3(7) ബാറ്റിംഗില്‍ തിളങ്ങിയില്ല.
വിക്കറ്റ് കീപ്പര്‍ ജോഷ് ഇംഗ്ലിസ് ആറ് പന്തുകളില്‍ 11 റണ്‍സെടുത്ത് പുറത്താകാതെ നിന്നു. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനായി വൈഭവ് അരോറ രണ്ട് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ വരുണ്‍ ചക്രവര്‍ത്തിയും ആന്ദ്രേ റസലും ഓരോ വിക്കറ്റ് വീതം വീഴ്ത്തി. ഒരു പോയിന്റ് കിട്ടിയ പഞ്ചാബ് ഒമ്പത് മത്സരങ്ങളില്‍ നിന്ന് 11 പോയിന്റോടെ പട്ടികയില്‍ നാലാം സ്ഥാനത്തേക്ക് കയറി. ഒമ്പത് കളികളില്‍ നിന്ന് ഏഴ് പോയിന്റ് മാത്രമുള്ള കൊല്‍ക്കത്ത ഏഴാം സ്ഥാനത്താണ്.