അഹമ്മദാബാദ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ബുധനാഴ്ച ശുഭ്മാന്‍ ഗില്ലിന്റെ ഗുജറാത്ത് ടൈറ്റന്‍സിനെതിരേ സഞ്ജു സാംസന്റെ രാജസ്ഥാന്‍ റോയല്‍സ് 58 റണ്‍സിന്റെ തോല്‍വിയേറ്റുവാങ്ങിയിരുന്നു. ഗുജറാത്തിന്റെ ഹോം ഗ്രൗണ്ടായ അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്‌റ്റേഡിയത്തില്‍വെച്ചായിരുന്നു മത്സം. സീസണിലെ രാജസ്ഥാന്റെ മൂന്നാമത്തെയും സഞ്ജു ക്യാപ്റ്റനായെത്തിയശേഷമുള്ള ആദ്യത്തെയും തോല്‍വിയാണിത്.മത്സരത്തിനു പിന്നാലെ കുറഞ്ഞ ഓവര്‍ റേറ്റിന് സഞ്ജുവിനും ടീമംഗങ്ങള്‍ക്കും പിഴ ചുമത്തിയിരിക്കുകയാണ് ബിസിസിഐ. സഞ്ജുവിന് 24 ലക്ഷം രൂപയും ഇംപാക്ട് പ്ലെയര്‍ ഉള്‍പ്പെടെയുള്ള മറ്റു താരങ്ങള്‍ക്ക് മാച്ച് ഫീയുടെ 25 ശതമാനവുമാണ് പിഴ. സീസണില്‍ രാജസ്ഥാന്റെ ഭാഗത്തുനിന്ന് രണ്ടാംതവണയാണ് കുറഞ്ഞ ഓവര്‍ നിരക്ക് വീഴ്ചയുണ്ടാവുന്നത്. ഐപിഎല്‍ പെരുമാറ്റച്ചട്ടം 2.22 ആര്‍ട്ടിക്കിളിന് കീഴിലാണ് ഈ കുറ്റം.
നേരത്തേ ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരെയുള്ള മത്സരത്തില്‍ കുറഞ്ഞ ഓവര്‍ നിരക്ക് കാരണം രാജസ്ഥാനില്‍നിന്ന് പിഴ ഈടാക്കിയിരുന്നു. പരിക്കുകാരണം സഞ്ജു ഇല്ലാതിരുന്ന ആ മത്സരത്തില്‍ ക്യാപ്റ്റന്‍ റിയാന്‍ പരാഗിന് 12 ലക്ഷം രൂപയുടെ പിഴ ലഭിച്ചു. അതേസമയം, ബുധനാഴ്ച നടന്ന മത്സരത്തില്‍ ആദ്യം ബാറ്റുചെയ്ത ഗുജറാത്ത് നിശ്ചിത 20 ഓവറില്‍ ആറുവിക്കറ്റ് നഷ്ടത്തില്‍ 217 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ രാജസ്ഥാന്‍ 159 റണ്‍സിനിടെ പുറത്തായി.