ബെംഗളൂരു: രേണുക സ്വാമി വധക്കേസ് പ്രതി നടൻ ദർശന് ഉപാധികളോടെ ഇടക്കാല ജാമ്യം അനുവദിച്ച് കർണാടക ഹൈക്കോടതി. അനാരോഗ്യം പരിഗണിച്ച് ആറ് ആഴ്ചത്തേക്കാണ് ചികിത്സയ്ക്കും ശസ്ത്രക്രിയക്കുമായി ജാമ്യം അനുവദിച്ചത്.നട്ടെല്ലിന് ശസ്ത്രക്രിയ വേണമെന്ന മെഡിക്കൽ റിപ്പോർട്ട് ആധാരമാക്കിയാണ് കോടതിയുടെ വിധി. പ്രതിക്ക് ഇഷ്ടമുള്ള ആശുപത്രിയിൽ ചികിത്സ തേടാമെന്നും ചികിത്സാ വിവരങ്ങൾ കോടതിയെ അറിയിക്കണമെന്നും നിർദേശമുണ്ട്. ചികിത്സക്കല്ലാതെ മറ്റ് വ്യക്തിപരമായ ആവശ്യങ്ങൾക്ക് ജാമ്യ കാലാവധി ഉപയോഗിക്കാൻ പാടുള്ളതല്ല എന്നും പാസ്പോർട്ട് വിചാരണ കോടതിക്ക് കൈമാറണമെന്നും കർണാടക ഹൈക്കോടതി നിർദേശിച്ചിട്ടുണ്ട്.ബെല്ലാരി സെൻട്രൽ ജയിലിൽ കഴിയുന്ന ദർശൻ അധികം വൈകാതെ ജയിൽ മോചിതനാകും. ആരാധകൻ രേണുകാസ്വാമിയെ കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ ദർശൻ 131 ദിവസമായി ജയിലിൽ കഴിയുകയാണ്. നേരത്തെ ബെംഗളൂരു പരപ്പന അഗ്രഹാര ജയിലിൽ കഴിഞ്ഞ പ്രതിയെ വിഐപി പരിഗണന കിട്ടിയെന്ന പരാതിയെത്തുടർന്ന് ബെല്ലാരി ജയിലിലേക്ക് മാറ്റുകയായിരുന്നു.