വ്യാജ എൽഎസ്‌ഡി കേസിൽ കുറ്റാരോപിതയായ ചാലക്കുടിയിലെ ബ്യൂട്ടി പാർലർ ഉടമ ഷീല സണ്ണി, പ്രത്യേക അന്വേഷണ സംഘത്തിന് മൊഴി നൽകി. ഷീല സണ്ണിയെ വ്യാജ കേസിൽ കുടുക്കിയ സംഭവം അന്വേഷിക്കുന്ന പ്രത്യേക സംഘത്തിനാണ് ഇവർ മൊഴി നൽകിയത്. തനിക്കറിയാവുന്ന കാര്യങ്ങൾ പൊലീസിനോട് പറഞ്ഞുവെന്നും കേസിൽ എക്സൈസിനും പങ്കുണ്ടെന്നും ആരോപിച്ച് ഷീല സണ്ണി, കേസ് കാരണം ജീവിതം തന്നെ തകർന്നുവെന്നും പറഞ്ഞു
നഷ്ടപരിഹാരം ആവശ്യപ്പെട്ട് താൻ കോടതിയെ സമീപിച്ചിട്ടുണ്ട്. 72 ലക്ഷം രൂപയാണ് നഷ്ടപരിഹാരം ആവശ്യപ്പെട്ടത്. കേസ് കാരണം ജീവിതം തകർന്നു. ബ്യൂട്ടി പാർലറിലെ വരുമാനം കൊണ്ട് ജീവിച്ചതാണ്. ആ സംരംഭം മുന്നോട്ട് കൊണ്ടുപോകാനായില്ല. കേസിൽ തൻ്റെ നിരപരാധിത്വം തെളിഞ്ഞിട്ടും ബന്ധുക്കളായ പലരും തന്നെ ഇപ്പോഴും സംശയത്തോടെയാണ് കാണുന്നത്. വിളിച്ചിട്ട് ഒരു സമാധാന വാക്ക് പോലും പറയാത്ത കുറേപ്പേരുണ്ട്. സംഗീതമായി ഇപ്പോൾ ഒരു ബന്ധവുമില്ല, എവിടെയാണെന്ന് അറിയില്ല’ – അവർ പറഞ്ഞു.
കേസിൽ അന്വേഷണം ആരംഭിച്ചെന്ന് പറഞ്ഞ പ്രത്യേക അന്വേഷണ സംഘത്തലവൻ ഡിവൈഎസ്‌പി വി.കെ രാജു, ഷീല സണ്ണിയുടെ വിശദമായ മൊഴി രേഖപ്പെടുത്തിയെന്ന് കൊച്ചിയിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു. കേസിൽ കൂടുതൽ പ്രതികൾ ഉണ്ടാകുമോ എന്ന് മൊഴി പരിശോധിച്ച ശേഷമേ പറയാൻ കഴിയൂവെന്നും അദ്ദേഹം പറഞ്ഞു.
ഹൈക്കോടതി നിര്‍ദ്ദേശ പ്രകാരമാണ് കേസ് കേരളാ പൊലീസിന് കൈമാറിയത്. മൂന്ന് മാസത്തിനുള്ളില്‍ അന്വേഷണം പൂര്‍ത്തിയാക്കാനാണ് നിര്‍ദ്ദേശം. ഷീലാ സണ്ണിക്കെതിരെ നടന്ന ഗൂഢാലോചന ഉള്‍പ്പടെ കാര്യങ്ങള്‍ അന്വേഷണ പരിധിയില്‍ വരും. 2023 മാര്‍ച്ച് 27 നാണ് ഷീലാ സണ്ണിയുടെ സ്കൂട്ടറില്‍ നിന്നും ബാഗില്‍ നിന്നും എല്‍എസ്ഡി സ്റ്റാമ്പുകളെന്നു പറയുന്ന വസ്തുക്കള്‍ പിടികൂടിയത്. 72 ദിവസം ഷീലാ സണ്ണി ജയിലാവുകയും ചെയ്തു. പിന്നീട് നടത്തിയ രാസ പരിശോധനയില്‍ വ്യാജ ലഹരിയാണെന്ന് വ്യക്തമായതോടെ ഷീലയെ പ്രതി സ്ഥാനത്ത് നിന്ന് ഒഴിവാക്കി. ഷീലയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ എക്സൈസ് ക്രൈംബ്രാഞ്ച് കേസ് അന്വേഷിച്ചെങ്കിലും പ്രതികളെ പിടികൂടിയില്ല. ഷീലാ സണ്ണിയുടെ ബന്ധുവായ യുവതിയെയും തൃപ്പൂണിത്തുറ സ്വദേശിയെയുമാണ് ചോദ്യം ചെയ്യാനായി വിളിപ്പിച്ചത്. തൃപ്പൂണിത്തുറ സ്വദേശി എംഎന്‍ നാരായണ ദാസ് മുന്‍കൂര്‍ ജാമ്യവുമായി സുപ്രീം കോടതിയെ വരെ സമീപിച്ചെങ്കിലും കോടതി അനുവദിച്ചിരുന്നില്ല.