വർക്കല അയിന്തിയിൽ റെയിൽവേ ട്രാക്ക് മുറിച്ച് കടക്കുന്നതിനിടെ ട്രെയിൻ തട്ടി ഭിന്നശേഷിക്കാരിയായ 18 കാരിയും മാതാവും മരിച്ചു. വർക്കല സ്വദേശി അമ്മു, അമ്മുവിന്‍റെ വളർത്തമ്മ കുമാരി എന്നിവരാണ് മരിച്ചത്. ആറ്റുകാൽ പൊങ്കാലയുടെ ഭാഗമായി വീടിനു സമീപത്തുള്ള ക്ഷേത്രത്തിൽ നടക്കുന്ന പൊങ്കാലയ്ക്കായുള്ള ഒരുക്കങ്ങൾ പൂർത്തിയാക്കി വീട്ടിലേക്ക് മടങ്ങവേയായിരുന്നു അപകടം. രാത്രി 9 മണിയോടെയായിരുന്നു സംഭവം.റെയിൽവേ ട്രാക്ക് മുറിച്ചുകടക്കവേ ഭിന്നശേഷിക്കാരിയായ അമ്മു ട്രെയിനിനു മുന്നിൽ പെടുകയായിരുന്നു. അമ്മുവിനെ രക്ഷിക്കാൻ ശ്രമിക്കവേയാണ് കുമാരിയും അപകടത്തിൽപ്പെട്ടത്. ട്രാക്കിന് സമീപത്തുനിന്ന് ലഭിച്ച ഇരുവരുടെയും മൃതദേഹങ്ങൾ പാരിപ്പള്ളി മെഡിക്കൽ കോളേജിലേക്ക് മാറ്റി. എന്നാൽ കുട്ടിയുടെ തല ഉൾപ്പെടെയുള്ള ശരീരഭാഗങ്ങൾ ഇനിയും ലഭിച്ചിട്ടില്ല. പോലീസ് പ്രദേശത്ത് അന്വേഷണം തുടരുന്നു.