തീവ്ര വോട്ടർ പട്ടിക പരിഷ്കരണത്തിൽ ബദൽ നടപടികളുമായി സംസ്ഥാന സർക്കാർ. കരട് വോട്ടർ പട്ടികയിൽ ഉൾപ്പെടാത്തവരെ സഹായിക്കാൻ വില്ലേജ് ഓഫീസുകളിൽ ഹെൽപ് ഡെസ്ക് സ്ഥാപിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സഹായ നിർദ്ദേശങ്ങൾ നൽകുന്നതിനായി രണ്ടു ഉദ്യോഗസ്ഥരെ ഹെൽപ്പ് ഡെസ്ക്കുകളിൽ ചുമതലപ്പെടുത്തും.എസ്ഐആറിൽ 2021 ലും 2024 ലും വോട്ട് ചെയ്തിരുന്നവർ ഒഴിവാക്കപ്പെടുന്നു. 19 ലക്ഷം പേർ വീണ്ടും കഠിന പ്രക്രിയയിലൂടെ കടന്നു പോകേണ്ടി വരും. 2002ൽ വോട്ടർ പട്ടികയിൽ ഉൾപ്പെടാതെ പോയവർ ഇപ്പോൾ വോട്ടർ പട്ടികയിൽ ഉൾപ്പെടാതിരിക്കാനുള്ള സാധ്യത വളരെയേറെയാണ്. അതിന് മുൻപും ഇതിന് ശേഷവും എസ്‌ഐആറിൽ നിന്ന് ഒഴിവാക്കപ്പെടുന്ന സ്ഥിതിവിശേഷം ഉണ്ട്. നിലവിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ ഇതിന്റെ കണക്ക് ലഭ്യമാക്കുന്നില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.ചില ബൂത്തുകളിൽ നിന്ന് അവിശ്വസീയമാം വിധം വോട്ടർമാർ ഒഴിവാക്കപ്പെട്ടു. ശ്രീവരാഹത്ത് ഒരു ബൂത്തിലെ 704 പേരെ ഒഴിവാക്കി. ഇത് സംശയാസ്പദമാണ്. സംസ്ഥാനത്ത് മറ്റ് ചിലയിടങ്ങളിലും ഇത്തരം സാഹചര്യം ഉണ്ട്. അർഹതയുള്ള ഒരു വോട്ടർ പോലും ഒഴിവാക്കപ്പെടുന്നില്ലെന്ന് ഉറപ്പാക്കണം. ഇത് സർക്കാരിന്റെ ഉത്തരവാദിത്തം ആണെന്ന് മുഖ്യമന്ത്രി പറഞ്ഞു. അതിനാലാണ് ബദൽ സംവിധാനം സർക്കാർ ഒരുക്കുന്നതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ഹെൽപ് ഡെസ്‌ക് ഒരുക്കുന്നതിനായി ജില്ലാ കളക്ടർമാരെ ചുമതലപ്പെടുത്തി. ഉന്നതികൾ, തീരാദേശ മേഖലകൾ, മറ്റ് പിന്നോക്ക മേഖലകൾ എന്നിവിടങ്ങളിൽ നേരിട്ട് എത്തി അർഹരായവരെ കണ്ടെത്തി ആവശ്യമായ സഹായം നൽകുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.ജനങ്ങൾക്ക് സർക്കാരിന്റെ തിരിച്ചറിയൽ രേഖയായി നേറ്റിവിറ്റി കാർഡുകൾ നൽകുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചു. ഫോട്ടോ പതിച്ച നേറ്റിവിറ്റി കാർഡുകൾ നൽകും. കാർഡുടമകൾക്ക് നിയമ പ്രാബല്യം നൽകുന്നതിനുള്ള നടപടികൾ സ്വീകരിക്കും. ഇതിനായി റവന്യൂ വകുപ്പിനെ ചുമതലപ്പെടുത്തി. സർക്കാർ സേവനങ്ങൾക്ക് തിരിച്ചറിയൽ രേഖയായി നേറ്റിവിറ്റി കാർഡുകൾ ഉപയോഗിക്കാൻ പറ്റുമെന്ന് മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ അറിയിച്ചു.









