ഡിവോഴ്‌സ് നോട്ടീസ് അയച്ച ഭാര്യയെ വെടിവെച്ച് കൊന്ന് ഭര്‍ത്താവ്. ബെംഗളുരുവിലാണ് സംഭവം. ഐടി ജീവനക്കാരനായ ബാലമുരുകനാ(40)ണ് ഭാര്യ ഭുവനേശ്വരിയെ വെടിവെച്ച് കൊലപ്പെടുത്തിയത്. ജോലികഴിഞ്ഞെത്തിയ ഭുവനേശ്വരിക്കുനേരെ നാല് തവണയാണ് ഇയാള്‍ വെടിയുതിര്‍ത്തത്. ശേഷം പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങി.മുമ്പ് ഒരു സ്വകാര്യ സ്ഥാപനത്തില്‍ സോഫ്റ്റ് വെയര്‍ എഞ്ചിനിയറായിരുന്ന ഇയാള്‍ കഴിഞ്ഞ നാല് വര്‍ഷമായി തൊഴില്‍ രഹിതനായിരുന്നു. 39 കാരിയായ ഭുവനേശ്വരി യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യയില്‍ അസിസ്റ്റന്റ് മാനേജരായിരുന്നു. തമിഴ്നാട്ടിലെ സേലം ജില്ലയില്‍ നിന്നുള്ളവ ഇരുവരും 2011-ലാണ് വിവാഹിതരായത്.തര്‍ക്കങ്ങളെ തുടര്‍ന്ന് ഒരു വര്‍ഷത്തിലേറെയായി വേര്‍പിരിഞ്ഞു താമസിക്കുകയായിരുന്നു. രാജാജിനഗറില്‍ കുട്ടികള്‍ക്കൊപ്പമായിരുന്നു ഭുവനേശ്വരി താമസിച്ചിരുന്നത്. ഭാര്യയ്ക്ക് മറ്റൊരു ബന്ധമുണ്ടെന്ന് പ്രതി സംശയിച്ചിരുന്നതായും ഇത് പതിവായി വഴക്കുകള്‍ക്ക് കാരണമായതായും പൊലീസ് പറഞ്ഞു.ഒരാഴ്ച മുമ്പാണ് ഭുവനേശ്വരി ബാലമുരുകന് ഡിവോഴ്‌സ് നോട്ടീസ് അയച്ചത്. കേസ് കോടതിയുടെ പരിഗണനയിലായിരുന്നു. ചൊവ്വാഴ്ച, ബാലമുരുകന്‍ ഭുവനേശ്വരി ജോലി കഴിഞ്ഞ് മടങ്ങിവരുന്നതുവരെ കാത്തിരുന്ന് പ്രതി അക്രമിക്കുകയായിരുന്നു.ഗുരുതരമായി പരിക്കേറ്റ ഭുവനേശ്വരിയെ ഷാന്‍ഭോഗ് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും വഴിമധ്യേ മരിച്ചു. കേസില്‍ അന്വേഷണം പുരോഗമിക്കുകയാണ്. ഇയാള്‍ക്ക് തോക്ക് എവിടെ നിന്ന് കിട്ടിയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.










