മദ്യലഹരിയിലുണ്ടായ വാക്കുതർക്കത്തിനിടെ നിലത്ത് തലയടിച്ചുവീണ് കായികാധ്യാപകൻ മരിച്ചു. പൂങ്കുന്നം ചക്കാമുക്ക് സ്വദേശി അനിൽ (50) ആണ് മരിച്ചത്. ഇയാളുടെ സുഹൃത്ത് രാജരാജനെ പോലീസ് കസ്റ്റഡിയിലെടുത്തു.
ബുധനാഴ്ച രാത്രി 11:30-ഓടെയാണ് സംഭവമുണ്ടായത്. തൃശ്ശൂരിൽ നാടകോത്സവം നടക്കുന്ന റീജ്യനൽ തിയേറ്ററിന് സമീപമുള്ള ബിയർ പാർലറിലിരുന്നാണ് അനിലും രാജരാജനും മദ്യപിച്ചത്. ഇതിന് ശേഷം നാടക അക്കാദമിയുടെ ഉള്ളിലേക്ക് പോയി. തുടർന്നുണ്ടായ വാക്കുതർക്കത്തിനിടെ രാജരാജൻ അനിലിനെ പിടിച്ചുതള്ളി എന്നാണ് പോലീസ് പറയുന്നത്.
നിലത്ത് തലയടിച്ച് വീണ അനിൽ ബോധരഹിതനായി. ഉടൻ തന്നെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വീഴ്ചയിലുണ്ടായ പരിക്കാണോ മരണകാരണം എന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ടിലൂടെ മാത്രമേ വ്യക്തമാകൂ
പൂങ്കുന്നം ഹരിശ്രീ സ്കൂളിലെ കായികാധ്യാപകനാണ് അനിൽ. സുഹൃത്ത് രാജരാജൻ നാടകപ്രവർത്തകനാണ്. നാടകോത്സവത്തിനായാണ് ഇരുവരും എത്തിയത്.