മലപ്പുറം: അരീക്കോട് തെരട്ടമ്മലിൽ സെവെൻസ് ഫുട്ബാൾ മത്സരത്തിനിടെ അപകടമുണ്ടായതിൽ സംഘാടകർക്കെതിരെ പൊലീസ് കേസെടുത്തു. അനുമതിയില്ലാതെ കരിമരുന്ന് പ്രയോഗിച്ചതിനും പടക്കം പൊട്ടിച്ചതിനുമാണ് കേസ് രജിസ്റ്റർ ചെയ്തത്. കഴിഞ്ഞ ദിവസമായിരുന്നു മപ്പുറത്ത് സെവന്‍സ് ഫുട്‌ബോള്‍ ഫൈനല്‍ മത്സരത്തിനിടെ വെടിക്കെട്ട് അപകടം നടന്നത്.മത്സരത്തിന് മുൻപ് നടത്തിയ കരിമരുന്ന് പ്രയോഗത്തിനിടെ പടക്കം കാണികൾക്കിടയിലേക്ക് പൊട്ടിത്തെറിച്ച് വീഴുകയായിരുന്നു. സംഭവത്തിൽ 25-ഓളം പേർക്ക് പരിക്കേറ്റു. ഇവരെ ഉടൻ തന്നെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിൽ മൂന്നു പേർക്ക് സാരമായി പൊള്ളലേറ്റിരുന്നു. മറ്റ് ആരുടെയും പരിക്ക് ഗുരുതരമല്ല.പടക്കത്തിന്റെ ബോക്സ് മറിഞ്ഞതാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക വിവരം. കൂടുതലായി നടത്തിയ അന്വേഷണത്തിലാണ് അനുമതിയില്ലാതെ കരിമരുന്ന് പ്രയോഗിച്ചതിനും പടക്കം പൊട്ടിച്ചതിനും സംഘാടകർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തത്. യുണൈറ്റഡ് എഫ്.സി നെല്ലിക്കുത്തും കെ.എം.ജി മാവൂരും തമ്മിലായിരുന്നു ഇന്നലത്തെ ഫൈനല്‍മത്സരം. ഗാലറിയും കവിയുന്ന തരത്തിൽ കാണികൾ എത്തിയിരുന്നു. ചൈനീസ് പടക്കമാണ് പൊട്ടിച്ചതെന്ന് പൊലീസ് ഇന്നലെ അറിയിച്ചിരുന്നു.