ഡോളറിനെതിരെ രൂപയുടെ മൂല്യം ഇന്നും ഇടിഞ്ഞു. വ്യാപാരത്തിന്റെ തുടക്കത്തില്‍ എട്ടു പൈസയുടെ നഷ്ടത്തോടെ 86.96 എന്ന നിലയിലാണ് രൂപ. ഡോളര്‍ ശക്തിയാര്‍ജിക്കുന്നത് അടക്കമുള്ള ഘടകങ്ങളാണ് രൂപയ്ക്ക് വിനയായത്. ഇന്നലെ രൂപ 16 പൈസയുടെ നഷ്ടമാണ് നേരിട്ടത്. 86.87 എന്ന നിലയിലാണ് ഇന്നലെ രൂപയുടെ വിനിമയം അവസാനിച്ചത്. ഇന്ത്യയില്‍ നിന്നുള്ള ഇറക്കുമതിക്ക് അമേരിക്ക തീരുവ കൂട്ടുമെന്ന പ്രഖ്യാപനവും ഓഹരി വിപണിയില്‍ നിന്നുള്ള വിദേശ നിക്ഷേപത്തിന്റെ പുറത്തേയ്ക്കുള്ള ഒഴുക്കുമാണ് വിപണിയെ സ്വാധീനിക്കുന്നത്. അതേസമയം, ഓഹരി വിപണി നഷ്ടത്തിലാണ്. ഇന്നലെ നേട്ടത്തോടെ വ്യാപാരം അവസാനിച്ച ഓഹരിവിപണി വ്യാപാരത്തിന്റെ തുടക്കത്തില്‍ തന്നെ നഷ്ടം നേരിടുന്നതാണ് ദൃശ്യമായത്. സെന്‍സെക്സ് 200 പോയിന്റ് ഇടിഞ്ഞു. നിഫ്റ്റിയിലും സമാനമായ ഇടിവ് ഉണ്ടായി.